ദില്ലി : ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിനായി ടീം ഇന്ത്യ പരിശീലനം തുടങ്ങി. എഡ്ജ്ബാസ്റ്റണിലാണ് പരമ്പരയിലെ മുടങ്ങിക്കിടന്ന അവസാന ടെസ്റ്റ് നടക്കുക. ഇന്ത്യൻ ടീം ലൈസസ്റ്ററിൽ പരിശീലനം തുടങ്ങി. ശ്രേയസ് അയ്യരും റിഷഭ് പന്തും ഒഴികെയുള്ള താരങ്ങൾ ടീമിനൊപ്പമുണ്ട്. ഇരുവരും വെള്ളിയാഴ്ചയാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുക.
ജൂലൈ ഒന്ന് മുതലാണ് മത്സരം തുടങ്ങുക. പരിക്കേറ്റ കെ എൽ രാഹുൽ ടീമിനൊപ്പമില്ല. രാഹുലിന് പകരം യുവതാരം ശുഭ്മാൻ ഗില്ലായിരിക്കും നായകൻ രോഹിത് ശർമ്മക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുക. അതേ സമയം കൊവിഡ് ബാധിതനായ ഓഫ് സ്പിന്നർ ആർ അശ്വിൻ ഇംഗ്ലണ്ടിലേക്ക് പോയിട്ടില്ല. ക്വാറന്‍റീനിലാണ് അശ്വിനിപ്പോൾ. പരിശീലന മത്സരം അശ്വിന് നഷ്ടമാകും. എന്നാൽ ടെസ്റ്റിന് മുമ്പ് അശ്വിൻ ടീമിനൊപ്പം ചേർന്നേക്കും.
ഓൾറൗണ്ടർ രവീന്ദ്ര ജഡേജ, പേസർമാരായ മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, പ്രസീദ് കൃഷ്ണ, ബാറ്റ്‌സ്മാൻമാരായ ചേതേശ്വര് പൂജാര, ഹനുമ വിഹാരി, വിക്കറ്റ് കീപ്പർ കെഎസ് ഭരത് എന്നിവരും ടീമിനോപ്പം ചേർന്നു.