കബഡിയില്‍ വനിതാ ടീമിന് സ്വര്‍ണം, നൂറില്‍ തൊട്ട് ഇന്ത്യന്‍ മെഡല്‍ക്കൊയ്ത്ത്,72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യം

25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 തൊട്ടത്.

New Update
New cccc(3).jpg

ഹാങ്ചൗ: 2023 ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണമണിഞ്ഞതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം 100-ല്‍ എത്തി. 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ സംഘത്തിന്റെ ജയം.

Advertisment

25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 തൊട്ടത്.

അമ്പെയ്ത്തില്‍ പുരുഷന്‍മാരുടെ കോമ്പൗണ്ട് വ്യക്തിഗത ഇനത്തില്‍ സ്വര്‍ണവും വെള്ളിയും ഇന്ത്യ നേടിയിരുന്നു. ഓജസ് പ്രവീണാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഫൈനലില്‍ എതിരാളിയായ അഭിഷേക് വെളളിയും നേടി.

വനിതകളുടെ കോമ്പൗണ്ട് ഇനത്തില്‍ ജ്യോതി സുരേഖ വെന്നവും സ്വര്‍ണം നേടി. ശനിയാഴ്ച നടന്ന ഫൈനലില്‍ കൊറിയന്‍ താരത്തെ 149-145 എന്ന സ്‌കോറിന് മറികടന്നായിരുന്നു ജ്യോതിയുടെ സ്വര്‍ണ നേട്ടം. ഇത്തവണത്തെ ഗെയിംസില്‍ ജ്യോതിയുടെ മൂന്നാം സ്വര്‍ണമാണിത്. വനികളുടെ കോമ്പൗണ്ട് ടീം ഇനത്തിലും മിക്‌സഡ് കോമ്പൗണ്ട് ടീം ഇനത്തിലുമായിരുന്നു ജ്യോതിയുടെ മറ്റ് സ്വര്‍ണ നേട്ടം.

അതേസമയം ഇതേയിനത്തില്‍ ഇന്ത്യയുടെ അതിഥി സ്വാമി വെങ്കലവും നേടി. ഇന്‍ഡൊനീഷ്യന്‍ താരത്തെ 146-140 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയായിരുന്നു അതിഥിയുടെ മെഡല്‍ നേട്ടം.

അതേസമയം 72 വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് ചരിത്രത്തില്‍ ആദ്യമായി ഇന്ത്യ ഏഷ്യന്‍ ഗെയിംസ് മെഡലുകളില്‍ സെഞ്ചുറി ഉറപ്പിച്ചു. അഞ്ചുവര്‍ഷംമുമ്പ് ജക്കാര്‍ത്തയില്‍ നേടിയ 70 മെഡലുകളായിരുന്നു ഇതുവരെ റെക്കോഡ്.

asian games 2023 sports news
Advertisment