ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടം. ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിന്റെ രണ്ടാം പാദത്തിൽ ഇന്ന് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിക്ക് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയെ നേരിടും. ഇന്ത്യൻ സമയം ഇന്ന് രാത്രി 12:30ന് ബയേണിന്റെ ഹോം മൈതാനമായ അല്ലിയൻസ് അരീനയിലാണ് മത്സരം. ആദ്യ പാദ മത്സരത്തിൽ സിറ്റിയോടേറ്റ പരാജയത്തിൽ നിന്ന് കരകയറി ചാമ്പ്യൻസ് ലീഗ് സെമിയിലേക്കുള്ള യോഗ്യതയുറപ്പിക്കുക എന്ന ലക്ഷ്യമാണ് ബയേണിന് മുന്നിലുള്ളത്. കഴിഞ്ഞ പതിനാലു മത്സരങ്ങളിലും തോൽവി അറിയാതെയാണ് സിറ്റി മുന്നേറുന്നത്. കൂടാതെ, കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും ബയേണിനെതിരെ വിജയിക്കാൻ സാധിച്ചതിന്റെ ആത്മവിശ്വാസം മാഞ്ചസ്റ്റർ സിറ്റിക്കുണ്ട്
പെപ് ഗാർഡിയോള എന്ന തന്ത്രജ്ഞന്റെ കീഴിൽ പുതിയ തന്ത്രങ്ങളുമായാണ് സിറ്റി ഈ സീസണിൽ കുതിക്കുന്നത്. ഫുൾബാക്ക് താരങ്ങളെ ഒഴിവാക്കി പ്രതിരോധ നിരയിൽ നാല് സെന്റർ ബാക്ക് താരങ്ങളെ അണിനിരത്തുന്ന പുതിയ തന്ത്രം കഴിഞ്ഞ മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. അമ്പരിപ്പിക്കുന്ന പ്രകടനമാണ് ആ ടീം കാഴ്ചവെച്ചത്.
കളിക്കളത്തിൽ ഇറങ്ങിയാൽ ഗോളടിക്കാതെ പിൻവാങ്ങില്ലെന്ന് വീണ്ടും തെളിയിക്കുന്ന ഹാളണ്ടിനെ തടയുക ബയേണിന് ദുഷ്കരമാകും. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഒരെണ്ണത്തിൽ മാത്രമാണ് ബയേണിന് ജയിക്കാൻ സാധിച്ചിട്ടുള്ളത്. നൂറാമത്തെ ചാമ്പ്യൻസ് ലീഗ് ജയം നേടാനൊരുങ്ങുന്ന പെപ് ഗാർഡിയോള ആതവിശ്വാസത്തോടെയാണ് ഇന്ന് ടീമിനെ ഒരുക്കുക.
ചാമ്പ്യൻസ് ലീഗിന്റെ ആദ്യ പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റതിന് ശേഷം ബയേൺ മ്യൂണിക്ക് താരം സാദിയോ മാനേ സഹതാരമായ ലെറോയ് സാനയുടെ മുഖത്തടിച്ചത് വിവാദമായിരുന്നു . തുടർന്ന്, കഴിഞ്ഞ മത്സരത്തിൽ നിന്ന് മാനേയെ ബയേൺ ഒഴിവാക്കിയിരുന്നു. താരം ഇന്നത്തെ മത്സരം കളിയ്ക്കാൻ സാധ്യതയുണ്ട്. മുന്നേറ്റ താരം ചുപോ മോട്ടിങ്ങും പരുക്കിന് ശേഷം ഇന്നത്തെ മത്സരം കളിച്ചേക്കും.