വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന്  ബംഗാളിനോട് തോല്‍വി

49 റണ്‍സെടുത്ത ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍.

New Update
535353

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ കേരളത്തിന് വീണ്ടും തോല്‍വി. 24 റണ്‍സിനാണ് ബംഗാള്‍ കേരളത്തെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗാള്‍ 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 47-ാം ഓവറില്‍ 182 റണ്‍സിന് ഓള്‍ ഔട്ടാകുകയായിരുന്നു.

Advertisment

കളിയുടെ തുടക്കത്തില്‍ ബൌളര്‍മാര്‍ നല്‍കിയ മുന്‍തൂക്കം നഷ്ടപ്പെടുത്തിയതാണ് ബംഗാളിനെതിരെ കേരളത്തിന് തിരിച്ചടിയായത്. തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗാളിനെ സമ്മര്‍ദ്ദത്തിലാക്കാന്‍ കേരള ബൗളര്‍മാര്‍ക്കായി. 

ഒരു ഘട്ടത്തില്‍ 7 വിക്കറ്റിന് 101 റണ്‍സെന്ന നിലയിലായിരുന്നു ബംഗാള്‍. എന്നാല്‍ എട്ടാമനായി ബാറ്റ് ചെയ്യാനെത്തിയ പ്രദീപ്ത പ്രമാണിക് കളിയുടെ ഗതി മാറ്റിയെഴുതുകയായിരുന്നു. 82 പന്തില്‍ 74 റണ്‍സുമായി പ്രദീപ്ത പ്രമാണിക് പുറത്താകാതെ നിന്നു. കനിഷ്‌ക് സേത്ത് 32, സുമന്ത് ഗുപ്ത 24, കൌശിക് മൈത്തി 27 റണ്‍സെടുത്തു. 

മൂന്ന് വിക്കറ്റുകളെടുത്ത എം.ഡി. നിധീഷാണ് കേരള ബൗളിങ് നിരയില്‍ കൂടുതല്‍ തിളങ്ങിയത്. ജലജ് സക്‌സേന, ആദിത്യ സര്‍വാടെ, ബേസില്‍ തമ്പി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തില്‍ തന്നെ രോഹന്‍ കുന്നുമ്മലിന്റെയും അഹ്മദ് ഇമ്രാന്റെയും വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍, മൂന്നാം വിക്കറ്റില്‍ ഒത്തു ചേര്‍ന്ന ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറും ഷോണ്‍ റോജറും ചേര്‍ന്നുള്ള കൂട്ടുകെട്ട് കേരളത്തിന് പ്രതീക്ഷ നല്‍കി. ഇരുവരും ചേര്‍ന്ന് 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

ഷോണ്‍ റോജര്‍ 29 റണ്‍സെടുത്ത് പുറത്തായി. തുടര്‍ന്നെത്തിയ മുഹമ്മദ് അസറുദ്ദീന്‍ 26 റണ്‍സെടുത്തു. എന്നാല്‍, മൂന്ന് റണ്‍സിന്റെ ഇടവേളയില്‍ മുഹമ്മദ് അസറുദ്ദീന്റെയും അബ്ദുള്‍ ബാസിദിന്റെയും ജലജ് സക്‌സേനയുടെയും വിക്കറ്റുകള്‍ നഷ്ടമായത് കേരളത്തിന് തിരിച്ചടിയായി. 

തുടര്‍ന്നെത്തിയവര്‍ക്കും പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വന്നതോടെ കേരളത്തിന്റെ മറുപടി 182ല്‍ അവസാനിച്ചു. 49 റണ്‍സെടുത്ത ക്യാപ്റ്റന്‍ സല്‍മാന്‍ നിസാറാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. ബംഗാളിന് വേണ്ടി സായന്‍ ഘോഷ് അഞ്ച് വിക്കറ്റ് വീഴ്ത്തി. മുകേഷ് കുമാറും കൌശിക് റെഡ്ഡിയും രണ്ട് വിക്കറ്റുകള്‍ വീതം നേടി. 

 

Advertisment