Advertisment

പവന്‍രാജിന്റെ ബൗളിങ് മികവില്‍ ഉത്തരാഖണ്ഡിനെ എറിഞ്ഞൊതുക്കി കേരളം; സി.കെ. നായിഡു ട്രോഫിയില്‍ കേരളത്തിന് ലീഡും സമനിലയും

മധ്യനിരയുടെ ചെറുത്തുനില്‍പ്പാണ് ഉത്തരാഖണ്ഡിന്റെ ഇന്നിങ്‌സ് 321 വരെ നീട്ടിയത്.

New Update
3535

സികെ നായിഡു ട്രോഫിയില്‍ ഉത്തരാഖണ്ഡിനെതിരെ മികച്ച പ്രകടനം കാഴ്ച്ചവച്ച് കേരളം. 200 റണ്‍സിന്റെ ലീഡ് നേടി ഉത്തരാഖണ്ഡിനെ ഫോളോ ഓണ്‍ ചെയ്യിച്ച കേരളം രണ്ടാം ഇന്നിങ്‌സില്‍ അവരുടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു.

Advertisment

നാല് വിക്കറ്റിന് 105 റണ്‍സെന്ന നിലയില്‍ അവസാന ദിവസം കളി തുടങ്ങിയ ഉത്തരാഖണ്ഡ് 321 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. പവന്‍ രാജിന്റെ 5 വിക്കറ്റ്  പ്രകടനമായിരുന്നു ഉത്തരാഖണ്ഡ് ബാറ്റിങ് നിരയെ തകര്‍ത്തത്. 

മൂന്ന് മുന്‍നിര ബാറ്റ്‌സ്മാന്‍മാരുടെ വിക്കറ്റുകള്‍ വീഴ്ത്തി ഉത്തരാഖണ്ഡ് ബാറ്റിങ്ങിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ട പവന്‍രാജ് വാലറ്റത്തെയും എറിഞ്ഞൊതുക്കി കേരളത്തിന് വിലപ്പെട്ട ലീഡ് സമ്മാനിച്ചു. കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോമും, കിരണ്‍ സാഗറും രണ്ട് വിക്കറ്റ് വീതവും അഹ്മദ് ഇമ്രാന്‍ ഒരു വിക്കറ്റും വീഴ്ത്തി.

മധ്യനിരയുടെ ചെറുത്തുനില്‍പ്പാണ് ഉത്തരാഖണ്ഡിന്റെ ഇന്നിങ്‌സ് 321 വരെ നീട്ടിയത്. ശാശ്വത് ദാംഗ്വാള്‍  60, റോഹി 58, ആരുഷ് 80 റണ്‍സെടുത്തു. ഫോളോ ഓണ്‍ ചെയ്ത് വീണ്ടും ബാറ്റിങ്ങിന് ഇറങ്ങിയ ഉത്തരാഖണ്ഡിന്റെ രണ്ടാം ഇന്നിങ്‌സ് തുടക്കവും തകര്‍ച്ചയോടെയായിരുന്നു. 

മൂന്ന് വിക്കറ്റുമായി ഏദന്‍ ആപ്പിള്‍ ടോമാണ് രണ്ടാം ഇന്നിങ്‌സിലും കേരളത്തിന് മുന്‍തൂക്കം നല്‍കിയത്. ഉത്തരാഖണ്ഡ് മൂന്ന് വിക്കറ്റിന് 49 റണ്‍സെന്ന നിലയില്‍ നില്‍ക്കെ  വെളിച്ചക്കുറവിനെത്തുടര്‍ന്ന് കളി അവസാനിപ്പിക്കുകയായിരുന്നു.

മഴയെ തുടര്‍ന്ന് പകുതിയിലേറെ കളിയും നഷ്ടപ്പെട്ട മത്സരത്തില്‍ ലീഡ് നേടി വിലപ്പെട്ട പോയിന്റ് സ്വന്തമാക്കാനായത് കേരളത്തെ സംബന്ധിച്ച് നേട്ടമായി. നാല് ദിവസങ്ങളിലുമായി ആകെ 200 ഓവറില്‍ താഴെ മാത്രമായിരുന്നു എറിയാനായത്. എന്നാല്‍, ഒരേ സമയം ഫോമിലേക്കുയര്‍ന്ന ബാറ്റിങ്-ബൗളിങ് നിരകള്‍ മഴയെ അതിജീവിച്ചും കേരളത്തിന് വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.

Advertisment