ഷിമോഗ: 15 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ ദേശീയ ഏകദിന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ കേരളത്തിന് ഉജ്ജ്വല വിജയം. 121 റണ്‍സിനാണ് കേരളത്തിന്റെ പെണ്‍കുട്ടികള്‍ ബിഹാറിനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 35 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു.
69 റണ്‍സെടുത്ത ആര്യനന്ദയുടെ പ്രകടനമാണ് കേരളത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 89 പന്തില്‍ 13 ഫോര്‍ അടങ്ങുന്നതായിരുന്നു ആര്യനന്ദയുടെ ഇന്നിങ്‌സ്. 26 റണ്‍സെടുത്ത ലക്ഷിത ജയനും 25 റണ്‍സെടുത്ത റെയ്‌ന റോസും കേരള ബാറ്റിങ് നിരയില്‍ തിളങ്ങി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബിഹാര്‍ 26-ാം ഓവറില്‍ 79 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു. ആകെ മൂന്ന് പേര്‍ മാത്രമാണ് ബിഹാര്‍ നിരയില്‍ രണ്ടക്കം കടന്നത്. 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ പ്രതിഭാ സാഹ്നിയാണ് ബിഹാറിന്റെ ടോപ് സ്‌കോറര്‍. പ്രിയാ രാജ് 24ഉം അക്ഷര ഗുപ്ത 12ഉം റണ്‍സെടുത്തു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അരിതയുടെ പ്രകടനമാണ് ബിഹാര്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. നാല് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വിട്ടു കൊടുത്തായിരുന്നു അരിത അഞ്ച് വിക്കറ്റ് വീഴ്ത്തിയത്.