/sathyam/media/media_files/2025/10/02/photos421-2025-10-02-05-58-16.jpg)
അഹമ്മദാബാദ്: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് തുടക്കം. അഹമ്മദാബാദിൽ രാവിലെ ഒൻപതരയ്ക്കാണ് കളി തുടങ്ങുക.
ഏഷ്യാ കപ്പ് വിജയത്തിന്റെ തിളക്കത്തിൽ നിന്നാണ് ടീം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിന്റെ പോരാട്ട ചൂടിലേക്ക് ഇറങ്ങുന്നത്.
ശുഭ്മാൻ ഗില്ലിന് കീഴിൽ സ്വന്തം നാട്ടിൽ ഇന്ത്യ ആദ്യ പരമ്പര നേട്ടം ലക്ഷ്യമിട്ട് ഇറങ്ങുമ്പോൾ അസാന്നിധ്യംകൊണ്ട് ശ്രദ്ധേയരാകുകയാണ് വിരാട് കോലിയും രോഹിത് ശർമ്മയും ആർ അശ്വിനും.
മൂവരുമില്ലാതെ ഇന്ത്യ ഹോം ഗ്രൗണ്ടിൽ ടെസ്റ്റിനിറങ്ങുന്നത് ഒന്നരപതിറ്റാണ്ടിനിടെ ആദ്യമായാണ്. നേപ്പാളിനോടുപോലും പരമ്പര നഷ്ടമായ വെസ്റ്റ് ഇൻഡീസിന് ഇന്ത്യയുടെ കരുത്തിനെ എത്രത്തോളം പ്രതിരോധിക്കാനാവും എന്ന് കണ്ടറിയണം.
മഴയുടെ സാന്നിധ്യവും പിച്ചിൽ പേസും ബൗൺസുമുള്ളതിനാൽ ഇന്ത്യ മൂന്ന് പേസർമാരെ ടീമിൽ ഉൾപ്പെടുത്തുമെന്നാണ് ക്യാപ്റ്റൻ ഗിൽ നൽകുന്ന സൂചന. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് പേസ് ജോഡിക്കൊപ്പം പ്രസിദ്ധ് കൃഷ്ണ ടീമിലെത്തിയേക്കും.