/sathyam/media/media_files/2025/08/26/ajinas-k-2-2025-08-26-20-39-15.jpg)
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെ.സി.എൽ) സീസൺ 2-ൽ ആദ്യ ഹാട്രിക്ക് നേട്ടം തൃശൂർ ടൈറ്റൻസ് താരം എ.കെ. അജിനാസിന് സ്വന്തം . കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരായ ആവേശകരമായ മത്സരത്തിലാണ് അജിനാസിന്റെ മാന്ത്രിക സ്പിൻ പ്രകടനം.
സൂപ്പർ ബാറ്റർ സഞ്ജു സാംസണിന്റേത് ഉൾപ്പെടെ അഞ്ച് മുൻനിര വിക്കറ്റുകളാണ് അജിനാസ് സ്വന്തം പേരിലാക്കിയത്. 4 ഓവറിൽ വെറും 30 റൺസ് വിട്ടുനൽകിയാണ് അജിനാസിന്റെ മാസ്മരിക സ്പിൻ പ്രകടനം. മിന്നും ഫോമിൽ ക്രീസിൽ ഉണ്ടായിരുന്ന സഞ്ജു സാംസൺ, മുഹമ്മദ് ഷാനു, സഞ്ജുവിന്റെ സഹോദരനും ബ്ലൂടൈഗേഴ്സ് നായകനുമായ സലി സാംസൺ, പി.എസ്. ജെറിൻ, മുഹമ്മദ് ആഷിക്ക് എന്നിവരുടെ വിക്കറ്റുകളാണ് അജിനാസ് പിഴുതത്.അജിനാസ് തന്നെയാണ് കളിയിലെ താരവും
സ്‌കൂൾ ടീമിൽ സെലക്ഷൻ ലഭിച്ചതോടെയാണ് എ.കെ അജിനാസ് ക്രിക്കറ്റിൽ കൂടുതൽ സജീവമാകുന്നത്. പിന്നീട് വയനാട് ജില്ലാ ടീമിലും, വയനാട് മച്ചാൻസ് ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടിയും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചു. കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിനായി കളിക്കുന്ന എം. അജിനാസുമായുള്ള സൗഹൃദവും, ഒരുമിച്ചുള്ള പരിശീലനവുമാണ് എ.കെ. അജിനാസിന്റെ ക്രിക്കറ്റ് കരിയറിൽ നിർണ്ണായക വഴിത്തിരിവായത്.