ക്രിക്കറ്റ് ആവേശത്തില്‍ ആലപ്പുഴ; കേരള ക്രിക്കറ്റ് ലീഗ് ട്രോഫി ടൂര്‍ പര്യടനത്തിന് വന്‍ വരവേല്‍പ്

New Update
WhatsApp Image 2025-08-06 at 3.52.32 PM (1)

ആലപ്പുഴ: കേരള ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളമുയര്‍ത്തി, കേരള ക്രിക്കറ്റ് ലീഗിന്റെ (കെ.സി.എല്‍) ഔദ്യോഗിക ട്രോഫി പര്യടനത്തിന് ഗംഭീര വരവേല്‍പ്പ് ഒരുക്കി ആലപ്പുഴ. ചൊവ്വാഴ്ച ജില്ലയില്‍ പ്രവേശിച്ച ട്രോഫി ടൂര്‍ പര്യടന വാഹനത്തിന് വിവിധ കേന്ദ്രങ്ങളില്‍ ഊഷ്മളമായ സ്വീകരണമാണ് കായിക പ്രേമികള്‍ നല്‍കിയത്. നാലു ദിവസം നീണ്ടുനില്‍ക്കുന്ന പര്യടനം ജില്ലയിലെ പ്രമുഖ കലാലയങ്ങളിലും പൊതു ഇടങ്ങളിലും എത്തും.

ആദ്യ ദിനമായ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അരൂരില്‍ നിന്നാണ് പര്യടനത്തിന് തുടക്കമായത്. തുടര്‍ന്ന് ചേര്‍ത്തല ടൗണ്‍, എസ്.എന്‍ കോളേജ് എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകുന്നേരം മാരാരിക്കുളം ബീച്ചിലും ട്രോഫി പ്രദര്‍ശിപ്പിച്ചു. നൂറുകണക്കിന് ആളുകള്‍ ട്രോഫി കാണാനും ചിത്രങ്ങള്‍ പകര്‍ത്താനും എത്തിച്ചേര്‍ന്നു. വിവിധയിടങ്ങളില്‍ കാണികള്‍ക്കായി പ്രത്യേക മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

രണ്ടാം ദിനമായ ബുധനാഴ്്ച്ച രാവിലെ 10 മണിക്ക് ആലപ്പുഴ ഫിനിഷിംഗ് പോയിന്റില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ആലപ്പുഴ ടൂറിസം എസ്ഐ രാജു മോന്‍, പ്രദീപ് (കേരള പോലീസ്), ആലപ്പുഴ ജില്ലാ ക്രിക്കറ്റ് ആസോസിയേഷന്‍ പ്രസിഡന്റ് യു മനോജ്, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ രക്ഷാധികാരി  എം നൗഫല്‍, നിശാന്ത് (ആലപ്പി റിപ്പിള്‍സ്), കെ സി എല്‍ ടൂര്‍ണമെന്റ് ഡയറക്ടര്‍ രാജേഷ് തമ്പി, ജില്ലാ ക്രിക്കറ്റ് ആസോസിയേഷന്‍ മെമ്പര്‍ ഹരികുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  തുടര്‍ന്ന് സെന്റ് ജോസഫ് വനിതാ കോളേജ്, എസ്.ഡി കോളേജ് എന്നിവിടങ്ങളിലും വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ട്രോഫിക്ക് വരവേല്‍പ്പ് നല്‍കി.  പര്യടനം ആലപ്പുഴ ബീച്ചിലെ സ്വീകരണത്തോടെ സമാപിച്ചു.

വരും ദിവസങ്ങളിലും പര്യടനം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ തുടരും.  വ്യാഴാഴ്ച എസ്.ഡി.വി സെന്‍ട്രല്‍ സ്‌കൂള്‍, കാര്‍മല്‍ പോളിടെക്‌നിക് കോളേജ്, ടി.ഡി മെഡിക്കല്‍ കോളേജ് ക്യാമ്പസ്, അമ്പലപ്പുഴ എന്നിവിടങ്ങളില്‍ ട്രോഫി എത്തും. വെള്ളിയാഴ്ച (08.08.25) എം.എസ്.എം കോളേജ്, അഴീക്കല്‍ ബീച്ച് എന്നിവിടങ്ങളിലും പര്യടനം നടക്കും.

എസ്.ഡി കോളേജ്, സെന്റ് ജോസഫ് വനിതാ കോളേജ്, എസ്.ഡി.വി സെന്‍ട്രല്‍ സ്‌കൂള്‍, കാര്‍മല്‍ പോളിടെക്‌നിക്, ടി.ഡി മെഡിക്കല്‍ കോളേജ് ക്യാമ്പസ് എന്നിവിടങ്ങളിലെ പരിപാടികള്‍ ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഏകോപിപ്പിക്കുന്നത്. വരാനിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി ജില്ലയിലെ ക്രിക്കറ്റ് ആരാധകരില്‍ ആവേശം നിറയ്ക്കുകയാണ് ട്രോഫി പര്യടനത്തിന്റെ ലക്ഷ്യം.

Advertisment