പാരീസ് ഒളിമ്പിക്‌സിലെ വിവാദ ബോക്‌സിംഗ് മത്സരം; പരിക്കേറ്റ് സ്വയം മത്സരം അവസാനിപ്പിച്ച ഏഞ്ചല കാരിനിക്കും കിട്ടും ഒളിമ്പിക് ചാമ്പ്യന് ലഭിക്കുന്ന സമ്മാനത്തുകയ്ക്ക് തുല്യമായ തുക; 'ആ കണ്ണുനീര്‍ അവഗണിക്കാനാകി'ല്ലെന്ന് ഐബിഎ; നിര്‍ണായക നീക്കം

ഒളിമ്പിക്‌സിലെ എല്ലാ മെഡല്‍ ജേതാക്കള്‍ക്കും സമ്മാനത്തുക നല്‍കാന്‍ ഐബിഎ മെയ് മാസത്തില്‍ തീരുമാനിച്ചിരുന്നു

New Update
Angela Carini

പാരീസ്: പാരീസ് ഒളിമ്പിക്‌സിലെ വിവാദമായ ബോക്‌സിങ് മത്സരത്തിനിടെ എതിര്‍മത്സരാര്‍ത്ഥിയുടെ പഞ്ച് മൂലം പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരത്തില്‍ നിന്ന് പിന്മാറിയ ഇറ്റലിയുടെ ഏഞ്ചല കാരിനിക്ക് ഒളിമ്പിക് ചാമ്പ്യന് ലഭിക്കുന്ന സമ്മാനത്തുകയ്ക്ക് തുല്യമായ തുക നല്‍കാന്‍ ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്റെ (ഐബിഎ) നീക്കം.

Advertisment

ഒളിമ്പിക്‌സിലെ എല്ലാ മെഡല്‍ ജേതാക്കള്‍ക്കും സമ്മാനത്തുക നല്‍കാന്‍ ഐബിഎ മെയ് മാസത്തില്‍ തീരുമാനിച്ചിരുന്നു. ഒളിമ്പിക്‌സിൽ ബോക്‌സിംഗിൽ സ്വർണം നേടുന്നവർക്ക് 100,000 ഡോളർ (84 ലക്ഷം രൂപ) സമ്മാനത്തുകയായി ഐബിഎ നല്‍കും.

ഈ തുകയുടെ പകുതി അത്ലറ്റിന് നൽകും. ദേശീയ ഫെഡറേഷനും പരിശീലകനും 25,000 ഡോളർ (21 ലക്ഷം രൂപ) വീതം ലഭിക്കും. വെള്ളി മെഡൽ ജേതാക്കൾക്ക് 50,000 ഡോളർ (42 ലക്ഷം രൂപ) ലഭിക്കും, അതിൽ പകുതി അത്‌ലറ്റിനും ബാക്കി കോച്ചിനും ഫെഡറേഷനും നൽകും.

വെങ്കലം നേടിയവർക്ക് 25,000 ഡോളർ (21 ലക്ഷം രൂപ) ലഭിക്കും. തുകയുടെ പകുതി അത്ലറ്റിന് നൽകും, ബാക്കിയുള്ളത് തുല്യമായി വിഭജിക്കും. അഞ്ചാം സ്ഥാനത്തെത്തുന്ന കായികതാരങ്ങൾക്ക് ഐബിഎയിൽ നിന്ന് 10,000 ഡോളർ (8.4 ലക്ഷം രൂപ) ലഭിക്കും. 100-ലധികം ബോക്‌സർമാർക്ക് പ്രയോജനം ചെയ്യുന്ന മൊത്തം സമ്മാനത്തുക $3.1 മില്യൺ (ഏകദേശം ₹26 കോടി) കവിയുന്നു.

അള്‍ജീരിയയുടെ ഇമാനെ ഖെലിഫിനെതിരായ മത്സരം വെറും 46 സെക്കന്‍ഡുകള്‍ക്ക് ശേഷം കാരിനി അവസാനിപ്പിച്ചിരുന്നു. തന്റെഇത്രയും ശക്തിയാർന്ന പഞ്ച് കരിയറില്‍ ഏറ്റുവാങ്ങിയിട്ടില്ലെന്നാണ് കാരിനി പറയുന്നത്.

മൂക്ക് തകർന്നുപോയതായി ഭയപ്പെട്ടെന്നും തന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കിയാണ് പിന്മാറിയതെന്നും കാരിനി വ്യക്തമാക്കിയിരുന്നു. ലിംഗ പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടർന്ന് വനിത ലോക ചാമ്പ്യൻഷിപ്പില്‍ നിന്ന് പുറത്താക്കപ്പെട്ട താരമാണ് ഇമാനെ.

കാരിനിയുടെ ദുരിതം തനിക്ക് അവഗണിക്കാനാവില്ലെന്ന് ഐബിഎ പ്രസിഡൻ്റ് ഉമർ ക്രെംലെവ് പറഞ്ഞു. അവരുടെ കണ്ണുനീര്‍ അവഗണിക്കാനാകില്ല. ഓരോ ബോക്‌സറുടെയും സുരക്ഷ ഉറപ്പാക്കണം. സുരക്ഷ കണക്കിലെടുത്ത് യോഗ്യതയുള്ള അത്‌ലറ്റുകൾ മാത്രമേ റിംഗിൽ മത്സരിക്കാവൂവെന്നും അദ്ദേഹം പറഞ്ഞു.


Advertisment