പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തി താരം ആന്റിം പംഗലിന്റെ സഹോദരി നിഷ താരത്തിന്റെ അക്രഡിറ്റേഷന്‍ ഉപയോഗിച്ച് ഒളിമ്പിക് ഗെയിംസ് വില്ലേജില്‍ കടന്നത് വിവാദത്തില്‍.
ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആൻ്റിം പംഗലിനെയും താരത്തിന് ഒപ്പമുള്ളവരെയും പാരീസില്‍ നിന്ന് പുറത്താക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കി.
പൊലീസ് നിഷയെ ചോദ്യം ചെയ്‌തെങ്കിലും കുറച്ച് സമയത്തിന് ശേഷം വിട്ടയച്ചു. വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിൽ തുർക്കിയുടെ യെത്ഗിൽ സെയ്‌നെപ്പിനോട് 0-10ന് ആൻ്റിം പരാജയപ്പെട്ടിരുന്നു.
"അച്ചടക്ക ലംഘനം ഫ്രഞ്ച് അധികാരികൾ ഐഒഎയുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് ഗുസ്തി താരം ആൻ്റിമിനെയും സപ്പോർട്ട് സ്റ്റാഫിനെയും തിരിച്ച് വിളിക്കാന്‍ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ തീരുമാനിച്ചു," ഐഒഎ പ്രസ്താവനയിൽ പറഞ്ഞു.
മത്സരത്തിൽ തോറ്റതിന് ശേഷം ഗെയിംസ് വില്ലേജിൽ പോയി സാധനങ്ങൾ എടുക്കാൻ ആൻ്റിം സഹോദരിയോട് ആവശ്യപ്പെട്ടു. സഹോദരി ഗെയിംസ് വില്ലേജിലേക്ക് പ്രവേശിക്കുമ്പോൾ, പോകുമ്പോൾ സുരക്ഷാ ഉദ്യോഗസ്ഥൻ പിടികൂടുകയായിരുന്നു.
മൊഴി രേഖപ്പെടുത്താൻ ലോക്കൽ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആൻ്റിമിനെയും അവളുടെ മൊഴി രേഖപ്പെടുത്താൻ പൊലീസ് വിളിച്ചു.