തിങ്കളാഴ്ച നടന്ന അക്കാഫ് പ്രൊഫഷണൽ ക്രിക്കറ്റ് ലീഗ് ഫൈനൽ മത്സരത്തിൽ ഗവണ്മെന്റ് കോളേജ് മടപ്പള്ളിയെ 107 റൺസിന് തകർത്ത് സിഎച്ച്എംഎംകോളേജ് വർക്കല അക്കാഫ് പ്രൊഫഷണൽ ലീഗ് ചാമ്പ്യന്മാരായി.
റോയൽ സ്ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തിയ സ്റ്റാർ സ്ട്രൈക്കേഴ്സ് വനിതാ ലീഗ് ചാമ്പ്യന്മാരായി. റോയൽ സ്ട്രൈക്കേഴ്സിനെതിരെ നേടിയ 5 വിക്കറ്റിന്റെ ആധികാരിക ജയത്തിലൂടെയാണ് സ്റ്റാർ സ്ട്രൈക്കേഴ്‌സ് ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്.
മെൻസ് ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത സിഎച്ച്എംഎം വർക്കല 100 ബോളുകളിൽ കേവലം 2 വിക്കറ്റുകളുടെ മാത്രം നഷ്ടത്തിൽ നേടിയ 227 എന്ന വമ്പൻ സ്കോറിനെ പിന്തുടർന്ന മടപ്പള്ളി കോളേജിന്റെ സ്കോർ 120 ലെത്തി നിൽക്കെ എല്ലാവരും പുറത്തായി.
107 റൺസിന്റെ മിന്നുന്ന ജയവുമായി സിഎച്ച്എംഎം വർക്കല അക്കാഫ് പ്രൊഫഷണൽ ലീഗ് സീസൺ 4 ചമ്പ്യൻസ് കപ്പിൽ മുത്തമിട്ടു.
വെറും 48 പന്തിൽ നിന്ന് സെഞ്ചുറി തികക്കുകയും (119) 10 ബോളുകളിൽ 17 റൺസ് മാത്രം വിട്ടു കൊടുത്ത് 2 വിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്ത ആൾറൗണ്ട് പ്രകടനത്തിലൂടെ സിഎച്ച്എംഎം വർക്കലയുടെ ജുനൈദ് ഷംസു ഹീറോ ഓഫ് ദ മാച്ചിന് അർഹനായി.
വനിതകളുടെ ഫൈനലിൽ 5 വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് നേടിയ റോയൽ സ്ട്രൈക്കേഴ്‌സിന്റെ സ്കോറിനെതിരെ മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാർ സ്ട്രൈക്കേഴ്സ് 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്ന് വനിതാ ചാമ്പ്യന്മാരായി.
18 റൺസും ഒരു വിക്കറ്റും നേടിയ സ്റ്റാർ സ്ട്രൈക്കേഴ്സിന്റെ സൗമ്യ രാധാകൃഷ്ണനായിരുന്നു ഫൈനലിലെ വുമൺ ഓഫ് ദ മാച്ച്.
ഔദ്യോഗിക മത്സരങ്ങൾക്ക് മുമ്പേ അക്കാഫ് പ്രസിഡന്റ്സ് ഇലവനും സെക്രട്ടറി ഇലവനും തമ്മിൽ നടന്ന പ്രദർശന മത്സരത്തിൽ ക്രിക്കറ്റിന്റെ സൗന്ദര്യമായ അനിശ്ചിതത്വം മുഴുവൻ നിറഞ്ഞു നിന്നു. ഒടുവിൽ ഒരു റണ്ണിന് സെക്രട്ടറി ഇലവൻ പ്രദർശന മത്സര വിജയികളായി.
അവിശ്വസനീയമായ വിധം ആനന്ദം നൽകുന്ന ക്യാമ്പസ് അനുഭൂതിയുടെ ആവർത്തനമാണ് തനിക്ക് ഇവിടെ അനുഭവിക്കാനായതെന്ന് ഫൈനൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ച പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീ. മിന്റു ജേക്കബ് പറഞ്ഞു.
അക്കാഫ് പ്രൊഫഷണൽ ലീഗ് അംബാസഡർ, മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തും വേദിയിൽ സന്നിഹിതനായിരുന്നു.
അക്കാഫ് പ്രൊഫഷണൽ ലീഗിന്റെ ഇതു വരെ സംഘടിപ്പിക്കപ്പെട്ടെ നാലു സീസണുകളും അതുല്യ വിജയമാക്കിയ അക്കാഫിന്റെ സംഘാടന മികവിനെ ശ്രീശാന്ത് മുക്തകണ്ഠം പ്രശംസിച്ചു.
അക്കാഫിനോടൊപ്പം സഹകരിക്കാൻ ലഭിച്ച അവസരത്തിൽ സന്തോഷം പ്രകടിപ്പിച്ച ശ്രീശാന്ത് തുടർന്നും അക്കാഫ് പ്രവർത്തങ്ങളോടൊപ്പം താനുണ്ടാകുമെന്നും ഉറപ്പു നൽകി. പ്രശസ്ത സിനിമാ സംവിധായകനും ഡയറക്ടേഴ്സ് IX ക്യാപ്റ്റനുമായ സജി സുരേന്ദ്രൻ മുഖ്യാഥിതിയായിരുന്നു.
ഉദ്ഘാടന ചടങ്ങിൽ അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി എസ് വിജയകുമാർ സ്വാഗതവും ട്രഷറർ ജുഡീൻ ഫെർണാണ്ടസ് നന്ദിയും പറഞ്ഞു.
എപിഎൽ സീസൺ 4 ജനറൽ കൺവീനർ ബിജു കൃഷ്ണൻ അക്കാഫിന്റെ മുൻനിര പരിപാടികളിലൊന്നായ അക്കാഫ് പ്രൊഫഷണൽ ക്രിക്കറ്റ് ലീഗുമായി സഹകരിച്ച ടീമുകൾ, സ്പോൺസഴ്സ്, മാധ്യമങ്ങൾ, മെമ്പർ കോളേജുകൾ എന്നിവരോടുള്ള കൃതഞ്ജത അറിയിച്ചു.
അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ്, ചീഫ് കോഡിനേറ്റർ അനൂപ് അനിൽ ദേവൻ , സെക്രട്ടറി മനോജ് കെ വി , ജോയിൻ സിക്രട്ടറി രഞ്ജിത്ത് കോടോത്ത്, എപി എൽ ജോയിൻ ജനറൽ കൺവീനർമാരായ ഗോകുൽ ജയചന്ദ്രൻ , ബോണി വർഗീസ് , മായ ബിജു , എക്സോം കോഡിനേറ്റർമാരായ അമീർ കല്ലട്ര , സിയാദ് സലാഹുദീൻ , സുമീഷ് സരളപ്പൻ , അനി കാർത്തിക് , ലേഡീസ് വിങ് ജനറൽ സിക്രട്ടറി രശ്മി ഐസക് ,എപിഎൽ അഡ്വൈസർ ബിന്ദു, ആന്റണി തുടങ്ങിയവർ സംസാരിച്ചു.