ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അരങ്ങേറ്റത്തിനൊരുങ്ങി മലയാളികളായ ആശ ശോഭനയും സജന സജീവനും

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ മിന്നും പ്രകടനം പുറത്തെടുത്തതാണ് ഓള്‍റൗണ്ടറായ സജന സജീവനും ലെഗ് സ്പിന്നര്‍ ആശ ശോഭനയ്ക്കും ഏഷ്യാ കപ്പിലേക്കും വഴിതുറന്നത്.

New Update
asha sobhana sajana

കൊളംബോ: ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഇന്ന് ശ്രീലങ്കയില്‍ തുടക്കമാവുകയാണ്. പാകിസ്താനെതിരായ മത്സരത്തോടെ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടങ്ങള്‍ക്ക് ഇന്ത്യ ഇറങ്ങുമ്പോള്‍ ടീമിലെ മലയാളി സാന്നിധ്യവും ശ്രദ്ധേയമാവുകയാണ്. ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ അരങ്ങേറ്റം ഗംഭീരമാക്കാനൊരുങ്ങുകയാണ് മലയാളി താരങ്ങളായ ആശ ശോഭനയും സജന സജീവനും.

Advertisment

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ മിന്നും പ്രകടനം പുറത്തെടുത്തതാണ് ഓള്‍റൗണ്ടറായ സജന സജീവനും ലെഗ് സ്പിന്നര്‍ ആശ ശോഭനയ്ക്കും ഏഷ്യാ കപ്പിലേക്കും വഴിതുറന്നത്. കഴിഞ്ഞ വനിതാ ഐപിഎല്ലിന് ശേഷമാണ് ഇരുതാരങ്ങളും ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. വയനാട് മാനന്തവാടി സ്വദേശിയായ സജന മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു. കിരീടമുയര്‍ത്തിയ റോയല്‍ ചലഞ്ചേഴ്സിന്റെ ടീമില്‍ തിരുവനന്തപുരത്തുകാരിയായ ആശയുമുണ്ടായിരുന്നു.

ശ്രീലങ്കയിലെ ധാംബുള്ളയില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന യുഎഇ- നേപ്പാള്‍ മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. രാത്രി ഏഴ് മണിക്ക് പാകിസ്താനെതിരെയാണ് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ പോരാട്ടം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടന്ന വനിതാ പരമ്പരയിലെ ആധികാരിക വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ പാകിസ്താനെതിരായ ആദ്യ മത്സരത്തിനിറങ്ങുക. ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിന് മുന്നൊരുക്കം കൂടിയായിരിക്കും ടീം ഇന്ത്യയ്ക്ക് ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്.

asia cup
Advertisment