/sathyam/media/media_files/xFmHfGIx2IL3y4SQDTrM.jpg)
ദാംബുല്ല: വനിതാ ഏഷ്യാ കപ്പില്‍ ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്ന് നടന്ന സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 10 വിക്കറ്റിന് തകര്‍ത്തു. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 80. ഇന്ത്യ 11 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 83.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ രേണുക സിംഗ്, രാധ യാദവ്, ഓരോ വിക്കറ്റ് വീതം പിഴുത പൂജ വസ്ത്രകര്‍, ദീപ്തി ശര്‍മ എന്നിവരുടെ ബൗളിംഗാണ് ബംഗ്ലാദേശ് ബാറ്റര്‍മാരെ ചുരുട്ടിക്കെട്ടിയത്. 51 പന്തില്‍ 32 റണ്‍സെടുത്ത ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താനയും, പുറത്താകാതെ 18 പന്തില്‍ 19 എടുത്ത ഷൊര്‍ണ അക്തറും മാത്രമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയില്‍ രണ്ടക്കം കടന്നത്.
ഓപ്പണര്‍മാരായ സ്മൃതി മന്ദാനയും (39 പന്തില്‍ 55), ഷഫാലി വര്‍മയും (28 പന്തില്‍ 26) ഇന്ത്യന്‍ ദൗത്യം അനായാസമാക്കി. ടൂര്‍ണമെന്റില്‍ ഒരു മത്സരം പോലും പരാജയപ്പെടാതെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്ന് നടക്കുന്ന രണ്ടാം സെമിയില്‍ ആതിഥേയരായ ശ്രീലങ്ക പാകിസ്ഥാനെ നേരിടും. ഈ മത്സരത്തിലെ വിജയികള്‍ 28ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ ഇന്ത്യയെ നേരിടും.