ഇന്ത്യക്ക് നിരാശ; എമര്‍ജിങ് ഏഷ്യാ കപ്പ് കിരീടം പാകിസ്ഥാന്

353 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 40 ഓവറില്‍ 224 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

New Update
team

കൊളംബോ: എമര്‍ജിങ് ഏഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യ എ ടീമിനെ പരാജയം. 128 റണ്‍സിന്റെ ജയത്തോടെ പാകിസ്ഥാന്‍ യുവനിര കിരീടം സ്വന്തമാക്കി. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു ഫൈനലില്‍ പോരാട്ടം. 

Advertisment

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. 353 റണ്‍സിന്റെ വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 40 ഓവറില്‍ 224 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു.

അര്‍ധസെഞ്ചറി നേടിയ ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് (51 പന്തില്‍ 61) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ബാറ്റര്‍മാര്‍ കൂട്ടത്തോടെ നിറം മങ്ങിയതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 41 പന്തില്‍ നാലു ഫോറുകളോടെ 39 റണ്‍സെടുത്ത ക്യാപ്റ്റന്‍ യഷ് ദൂലാണ് രണ്ടാമത്തെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍ സായ് സുദര്‍ശനും (28 പന്തില്‍ 29) അഭിഷേക് ശര്‍മയും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. 8.3 ഓവറില്‍ 64 റണ്‍സില്‍ നില്‍ക്കുമ്പോഴാണ് ആദ്യ വിക്കറ്റ് വീണത്. സായ് സുദര്‍ശനാണ് ആദ്യം കൂടാരം കയറിയത്. തുടര്‍ന്ന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ഓരോ വിക്കറ്റുകള്‍ വീതം തുടര്‍ച്ചയായി വീഴുന്നതാണ് പിന്നീട് കണ്ടത്.

നേരത്തെ, തയബ് താഹിറിന്റെ സെഞ്ചറിക്കരുത്തിലാണ് ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാന്‍ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. 71 പന്തുകള്‍ നേരിട്ട തയബ് താഹിര്‍ 108 റണ്‍സെടുത്തു പുറത്തായി. 66 പന്തുകളില്‍നിന്നാണു താരം സെഞ്ചറി നേടിയത്.

Advertisment