ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് ഇന്നിങ്സ് വിജയത്തിനരികെ

New Update
kca
തിരുവനന്തപുരം : കെസിഎ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പിൻ്റെ ഫൈനലിൽ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് വിജയത്തിലേക്ക്. 169 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ആത്രേയ ക്രിക്കറ്റ് ക്ലബ്ബ്, രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സിൻ്റെ ഏഴ് വിക്കറ്റുകൾ വീഴ്ത്തി മത്സരത്തിൽ പിടിമുറുക്കി.  ആത്രേയ ആദ്യ ഇന്നിങ്സിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 111 റൺസെന്ന നിലയിലാണ്. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ലിറ്റിൽ മാസ്റ്റേഴ്സന് മൂന്ന് വിക്കറ്റുകൾ ശേഷിക്കെ 58 റൺസ് കൂടി വേണം.
Advertisment
ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് ക്യാപ്റ്റൻ എസ് എസ് ശ്രീഹരിയുടെയും, കെ എസ് നവനീതിൻ്റെയും ധീരജ് ഗോപിനാഥിൻ്റെയും ഇന്നിങ്സുകളാണ് മികച്ച ലീഡ് നേടിക്കൊടുത്തത്. ശ്രീഹരി 69 റൺസുമായി പുറത്താകാതെ നിന്നു. നവനീത് 41ഉം ധീരജ് 37ഉം റൺസെടുത്തു. ലിറ്റിൽ മാസ്റ്റേഴ്സിന് വേണ്ടി മുഹമ്മദ് റെയ്ഹാൻ, അഭിനവ് ചന്ദ്രൻ, അഭിനവ് ആർ നായർ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് ബാറ്റിങ് നിര രണ്ടാം ഇന്നിങ്സിലും തകർന്നടിയുകയായിരുന്നു. 38 റൺസെടുത്ത ക്യാപ്റ്റൻ ഇഷാൻ എം രാജ്, 22 റൺസെടുത്ത ജൊഹാൻ ജിക്കുപാൽ, 20 റൺസെടുത്ത മുഹമ്മദ് റെയ്ഹാൻ എന്നിവർ മാത്രമാണ് അല്പമെങ്കിലും പിടിച്ചു നിന്നത്. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഏഴ് വിക്കറ്റിന് 111 റൺസെന്ന നിലയിലാണ് ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ്. ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി കെ എസ് നവനീത് മൂന്നും മൊഹമ്മദ് ഷഹീൻ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. 
സ്കോർ ഒന്നാം ഇന്നിങ്സ് - ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് -  95 റൺസിന് ഓൾ ഔട്ട്
ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് - ഒൻപത് വിക്കറ്റിന് 264  
സ്കോർ രണ്ടാം ഇന്നിങ്സ് - ലിറ്റിൽ മാസ്റ്റേഴ്സ് - ഏഴ് വിക്കറ്റിന് 111
Advertisment