/sathyam/media/media_files/2025/02/25/DDUONGRCFM7kMHOrNMCe.jpeg)
കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിൽ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെതിരെ 269 റൺസിൻ്റെ കൂറ്റൻ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ആത്രേയ ക്രിക്കറ്റ് ക്ലബ്ബ്. മറ്റൊരു മല്സരത്തിൽ RSC SG ക്രിക്കറ്റ് സ്കൂളിനെതിരെ വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബ് 18 റൺസിൻ്റെയും സസെക്സ് ക്രിക്കറ്റ് ക്ലബ്ബിനെതിരെ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ്ബ് 15 റൺസിൻ്റെയും ലീഡ് നേടി.
ആത്രേയ ക്രിക്കറ്റ് ക്ലബ്ബ് മുന്നോട്ട് വച്ച കൂറ്റൻ ഒന്നാം ഇന്നിങ്സ് സ്കോറായ 366 റൺസിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബ് 97 റൺസിന് ഓൾ ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ ധീരജ് ഗോപിനാഥിൻ്റെ തകർപ്പൻ ബൌളിങ്ങാണ് തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിനെ തകർത്തത്. ശ്രീഹരി, നവനീത് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. 30 റൺസെടുത്ത മാധവ് വിനോദ് 32 റൺസെടുത്ത അഭിനവ് മധു എന്നിവരാണ് തൃപ്പൂണിത്തുറയ്ക്ക് വേണ്ടി അല്പമെങ്കിലും ചെറുത്തുനില്പ് നടത്തിയത്. തുടർന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ആത്രേയക ക്രിക്കറ്റ് ക്ലബ്ബ് നാല് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ സെഞ്ച്വറി നേടിയ വിശാൽ ജോർജ്ജ് 72 റൺസ് നേടി. തൊടുപുഴയിലെ കെസിഎ ഗ്രൌണ്ട് രണ്ടിലാണ് മല്സരം നടക്കുന്നത്.
തൊടുപുഴയിലെ കെസിഎ ഗ്രൌണ്ട് ഒന്നിൽ നടക്കുന്ന മറ്റൊരു മല്സരത്തിൽ സസക്സ് ക്രിക്കറ്റ് ക്ലബ്ബിൻ്റെ ആദ്യ ഇന്നിങ്സ് സ്കോറായ 172 റൺസിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ് 187 റൺസെടുത്തു. 100 പന്തുകളിൽ 15 ബൌണ്ടറിയടക്കം 84 റൺസെടുത്ത അഭിനവ് ആർ നായരാണ് ലിറ്റിൽ മാസ്റ്റേഴ്സിൻ്റെ ടോപ് സ്കോറർ. സസക്സിന് വേണ്ടി കെ പി ഷാരോൺ, കെ ആര്യൻ, ദേവനാരായൺ, ആദികൃഷ്ണ സതീഷ് ബാബു എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. രണ്ടാം ഇന്നിങ്സിൽ ബാറ്റ് ചെയ്യാനിറങ്ങിയ സസെക്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 71 റൺസെന്ന നിലയിലാണ്.നാല് വിക്കറ്റ് വീഴ്ത്തിയ എസ് വി ആദിത്യൻ്റെ ബൌളിങ് മികവാണ് ലിറ്റിൽ മാസ്റ്റേഴ്സിന് മുതൽക്കൂട്ടായത്.
തുമ്പ സെൻ്റ് സേവിയേഴ്സ് കോളേജ് ഗ്രൌണ്ടിൽ നടക്കുന്ന മല്സരത്തിൽ RSC SG ക്രിക്കറ്റ് സ്കൂളിനെതിരെ ബാറ്റ് ചെയ്യാനിറങ്ങിയ വിൻ്റേജ് ക്രിക്കറ്റ് ക്ലബ്ബ് 158 റൺസിന് ഓൾ ഔട്ടായി. 44 റൺസെടുത്ത ക്യാപ്റ്റൻ കാർത്തി മജുവാണ് വിൻ്റേജിൻ്റെ ടോപ് സ്കോറർ. അർമാൻ നെജി 31 റൺസ് നേടി. നാല് വിക്കറ്റ് വീഴ്ത്തിയ ശിവദത്ത് സുധീഷും മൂന്ന് വിക്കറ്റ് വീഴ്ത്തിയ യദു കൃഷ്ണയുമാണ് RSC SG ക്രിക്കറ്റ് സ്കൂളിന് വേണ്ടി മികച്ച ബൌളിങ് കാഴ്ചവച്ചത്. ആർ ആശ്വിൻ രണ്ട് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ RSC SG ക്രിക്കറ്റ് സ്കൂൾ കളി നിർത്തുമ്പോൾ 5 വിക്കറ്റിന് 199 റൺസെന്ന നിലയിലാണ്. 66 റൺസുമായി മിഥുൻ കൃഷ്ണ പുറത്താകാതെ നില്ക്കുകയാണ്. 42 റൺസെടുത്ത ശ്രാവൺ സി പണിക്കർ,40 റൺസെടുത്ത ദേവതീർത്ഥ് എന്നിവരും RSC SG ക്രിക്കറ്റ് സ്കൂളിന് വേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു.ആദ്യ ഇന്നിങ്സിൽ RSC SG ക്രിക്കറ്റ് സ്കൂൾ 140 റൺസായിരുന്നു നേടിയത്.