ബെയ്ജിങ്: ചൈന മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ പോരാട്ടത്തില്‍ ഇന്ത്യയുടെ സാത്വിക് സായ്‌രാജ് റാന്‍കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിള്‍സിന്റെ സെമിയില്‍. അതേസമയം പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന ലക്ഷ്യ സെന്‍ ക്വാര്‍ട്ടറില്‍ വീണു.
ഡബിള്‍സ് ക്വാര്‍ട്ടറില്‍ സാത്വിക്- ചിരാഗ് സഖ്യം ഡെന്‍മാര്‍ക്കിന്റെ കിം സ്ട്രുപ്പ്- ആന്‍ഡേഴ്‌സ് സ്‌കാരുപ് റാസ്മുസന്‍ സഖ്യത്തെയാണ് വീഴ്ത്തിയത്. അനായാസ ജയമാണ് ഇന്ത്യന്‍ സഖ്യം സ്വന്തമാക്കിയത്. 21-16, 21-19 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ സഖ്യം സെമി ഉറപ്പിച്ചത്.
പുരുഷ സിംഗിള്‍സില്‍ ലക്ഷ്യയെ ഡെന്‍മാര്‍ക്കിന്റെ അന്‍ഡേഴ്‌സ് ആന്റന്‍സന്‍ പരാജയപ്പെടുത്തി. രണ്ട് സെറ്റ് മാത്രമാണ് മത്സരം നീണ്ടത്. ലക്ഷ്യ കാര്യമായ വെല്ലുവിളി ഉയര്‍ത്തിയില്ല. സ്‌കോര്‍: 18-21, 15-21.
നേരത്തെ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ പിവി സിന്ധു ക്വാര്‍ട്ടര്‍ കാണാതെ മടങ്ങിയിരുന്നു.