ബാത്തുമി: ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ഇന്ത്യന്‍ താരം തന്നെയായ കൊനേരു ഹംപിയെ ടൈബ്രേക്കറിലൂടെ പരാജയപ്പെടുത്തിയാണ് ദിവ്യയുടെ കിരീടനേട്ടം.
ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് ദിവ്യ. ജോര്‍ജിയയിലെ ബാത്തുമിയിലാണ് മത്സരം നടന്നത്.
നേരത്തേ ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചിരുന്നു. ജേതാവിനെ കണ്ടെത്താനുള്ള രണ്ടാംഗെയിമും സമനിലയായതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്.
ടൈബ്രേക്കറില്‍ ആദ്യ ഗെയിം സമനിലയില്‍ അവസാനിച്ച ശേഷം ഹംപിയുടെ പിഴവ് മുതലെടുത്ത് ദിവ്യ രണ്ടാം ഗെയിം സ്വന്തമാക്കി. ഇതോടെ ഗ്രാന്‍ഡ് മാസ്റ്റര്‍ പദവിയും ദിവ്യയെ തേടിയെത്തി.
ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടുന്ന നാലാമത്തെ ഇന്ത്യക്കാരിയാണ് ദിവ്യ. തലമുറകളുടെ പോരാട്ടമായിരുന്നു ദിവ്യ - ഹംപി ഫൈനല്‍. ഹംപിയുടെ പകുതി പ്രായമേ ദിവ്യയ്ക്കുള്ളൂ.
ഹംപി ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി നേടിയ ശേഷം പിന്നീട് രണ്ട് വനിതകള്‍ മാത്രമേ ഇന്ത്യയില്‍ നിന്ന് ഈ പദവി നേടിയിട്ടുള്ളൂ. ആ പട്ടികയിലാണ് ഇപ്പോള്‍ ദിവ്യയുടെ ഇടം.