ബര്‍മിങ്ങാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് ആരംഭിക്കാനിരിക്കെ സുരക്ഷാ ഭീഷണിയെ തുടർന്ന് ഇന്ത്യന്‍ ടീം ഹോട്ടലിൽ കുടുങ്ങി.
ബര്‍മിങ്ങാമില്‍ ഇന്ത്യന്‍ ടീം താമസിക്കുന്ന ഹോട്ടലിനു സമീപം സെന്റിനറി സ്‌ക്വയറില്‍ ദുരൂഹസാഹചര്യത്തില്‍ അജ്ഞാത വസ്തു കണ്ടെത്തിയതോടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.
ഇന്ത്യന്‍ ടീമംഗങ്ങളോട് താമസിക്കുന്ന ഹോട്ടലില്‍നിന്ന് പുറത്തിറങ്ങരുതെന്നും നിര്‍ദ്ദേശം നല്‍കി.
രണ്ടാം ടെസ്റ്റിന് മുന്നോടിയായി ചൊവ്വാഴ്ച നടന്ന പരിശീലന സെഷന് ശേഷം ടീം ഹോട്ടലിലേക്ക് മടങ്ങിയതിനു ശേഷമായിരുന്നു സംഭവം.
മത്സരമില്ലാത്ത ദിനങ്ങളില്‍ ടീമംഗങ്ങള്‍, താമസസ്ഥലത്തിനു സമീപത്തെ സ്ട്രീറ്റുകളില്‍ ഉള്‍പ്പെടെ സന്ദര്‍ശനം നടത്താറുണ്ട്. ബ്രോഡ് സ്ട്രീറ്റില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ടീമംഗങ്ങള്‍ പതിവായി എത്തിയിരുന്നു.
ഇതിനിടെയാണ് സുരക്ഷാ കാരണങ്ങളാല്‍ പുറത്തിറങ്ങരുതെന്ന് ടീമംഗങ്ങള്‍ക്ക് നിര്‍ദ്ദേശം ലഭിച്ചത്.
വിശദമായ പരിശോധനകള്‍ക്കു ശേഷം ഒരു മണിക്കൂറിലേറെ കഴിഞ്ഞാണ് അജ്ഞാത വസ്തു പൊലീസ് നീക്കം ചെയ്തത്. ഈ സമയമത്രയും ഇന്ത്യന്‍ താരങ്ങള്‍ ഹോട്ടലില്‍ കുടുങ്ങി.