കാലിക്കറ്റ് എഫ്സി 'ലേഡി ബീക്കണ്‍സി'ന് തുടക്കം കുറിച്ചു: ഇന്ത്യന്‍ ഫുട്‌ബോളിലെ ആദ്യ വനിതാ സപ്പോര്‍ട്ടര്‍ ഗ്രൂപ്പ്‌

New Update
Pic 1.
കോഴിക്കോട്:ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലാദ്യമായി വനിതാ ആരാധകരുടെ കൂട്ടായ്മയായ 'ലേഡി ബീക്കണ്‍സി' ന് കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബ് (സിഎഫ്സി) കോഴിക്കോട് തുടക്കം കുറിച്ചു. കാലിക്കറ്റ് എഫ്സിയെ പിന്തുണയ്ക്കുന്ന വനിതാ സപ്പോര്‍ട്ടര്‍ ഗ്രൂപ്പാണ് (ഡബ്ല്യുഎസ്ജി) 'ലേഡി ബീക്കണ്‍സ്'. സ്റ്റേഡിയത്തില്‍ വനിതാ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സുരക്ഷിതവും സ്വാഗതാര്‍ഹവുമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ 'ലേഡി ബീക്കണ്‍സ്' പിന്തുണ നല്കും.

എല്ലാവരേയും ഉള്‍ക്കൊള്ളുന്നതും ശാക്തീകരിക്കുന്നതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിനൊപ്പം നാടിന്റെ സമ്പന്നമായ ഫുട്‌ബോള്‍ പൈതൃകത്തെയും പുരോഗമന മനോഭാവത്തെയും തുറന്നു കാട്ടുന്നതിന് ഇതിലൂടെ ലക്ഷ്യമിടുന്നു. വനിതാ സപ്പോര്‍ട്ടര്‍ ഗ്രൂപ്പുകളുള്ള ബ്രിസ്റ്റോള്‍ സിറ്റി, ആഴ്സണല്‍ വുമണ്‍ തുടങ്ങിയ ആഗോള ക്ലബുകള്‍ക്കൊപ്പം സ്ഥാനം പിടിക്കാന്‍് ഇതിലൂടെ കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബിന് സാധിക്കുമെന്നതും ശ്രദ്ധേയം.

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ (ഐഎസ്എല്‍) മാതൃകയില്‍ സംഘടിപ്പിക്കപ്പെടുന്ന സൂപ്പര്‍ ലീഗ് കേരള (എസ്എല്‍കെ) 2024 ലെ ഉദ്ഘാടനപതിപ്പ് വിജയിയായിരുന്നു കാലിക്കറ്റ് എഫ്സി. വിവിധ ജില്ലകളില്‍ നിന്നുള്ള ആറ് ടീമുകളാണ് ലീഗില്‍ പങ്കെടുക്കുന്നത്. സൂപ്പര്‍ ലീഗ് കേരളയുടെ രണ്ടാം പതിപ്പ് ഒക്ടോബര്‍ 2 ന് കോഴിക്കോട് ആരംഭിക്കും.

കേരളത്തിന്റെ കായികവിനോദങ്ങളില്‍ ഫുട്‌ബോളിന് എപ്പോഴും മുഖ്യസ്ഥാനമുണ്ട്. വനിതകള്‍ക്ക് ഫുട്‌ബോളില്‍ തുല്യ അവകാശമുണ്ടെന്ന് വനിതാ സപ്പോര്‍ട്ടര്‍ ഗ്രൂപ്പിലൂടെ കാലിക്കറ്റ് എഫ് സി ഉറപ്പാക്കുന്നതായി കാലിക്കറ്റ് എഫ്സി ഉടമയും ഐബിഎസ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് പറഞ്ഞു. ആരാധക കൂട്ടായ്മ എന്നതിനപ്പുറം സ്ത്രീകളുടെ അഭിമാനം, സമത്വം, പ്രാതിനിധ്യം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടാന്‍ ലേഡി ബീക്കണ്‍സിലൂടെ സാധിക്കും.

ആരാധകരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മകള്‍ ഇന്ത്യയിലുടനീളമുണ്ടെങ്കിലും ആദ്യമായാണ് ഒരു ഇന്ത്യന്‍ ക്ലബ് ഔദ്യോഗികമായി വനിതാ ആരാധകര്‍ക്കായി ഒരു വേദി സൃഷ്ടിക്കുന്നത്. ഫുട്ബോളിന്റെ തനത് രീതികളില്‍ മാറ്റം വരുത്തുന്ന വിധം വനിതകളുടെ ശബ്ദം വേദികളില്‍ ഉയരാന്‍ ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വനിതകളെ സമൂഹത്തിന്റെ മുന്‍നിരയിലേക്ക് കൊണ്ടുവരിക എന്നത് ഐബിഎസ് ഗ്രൂപ്പിന്റെ പ്രധാന പരിഗണനാ വിഷയമാണെന്ന് കാലിക്കറ്റ് എഫ്സിയുടെ സഹ ഉടമയായ ഹന്ന മാത്യൂസ് പറഞ്ഞു. ഞങ്ങളുടെ എല്ലാ ബിസിനസുകളിലും സംരംഭങ്ങളിലും ഇത് പ്രതിഫലിക്കുന്നു. കൂടുതല്‍ സ്ത്രീകളെയും കുട്ടികളെയും ഫുട്ബോളിലേക്ക് കൊണ്ടുവരാനും ഞങ്ങളുടെ ഹോം സ്റ്റേഡിയം സ്ത്രീ സൗഹൃദമാണെന്ന് ഉറപ്പാക്കാനും ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നു. സുരക്ഷിതവും എല്ലാവരേയും ഉള്‍ക്കൊള്ളുന്നതുമായ ഇടങ്ങള്‍ സൃഷ്ടിക്കുന്നതിനും എല്ലാവര്‍ക്കുമുള്ള ഒരു ഗെയിമായി ഫുട്‌ബോള്‍ മാറുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഇതിലൂടെ ലക്ഷ്യമിടുന്നെന്നും ഹന്ന മാത്യൂസ് കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിലെ ഫുട്ബോള്‍ കാണികളില്‍ വനിതാ പങ്കാളിത്തം വര്‍ധിക്കുന്നുണ്ട്. എന്നിരുന്നാലും പുരുഷ മേധാവിത്വത്തില്‍ തുടരുന്ന ഫുട്‌ബോള്‍ സംസ്‌കാരമാണ് നിലവിലുള്ളത്. വനിതാ ആരാധകര്‍ക്ക് ആഘോഷിക്കാവുന്ന വേദി 'ലേഡി ബീക്കണ്‍സ്' സാധ്യമാക്കും.

'ലേഡി ബീക്കണ്‍സ്' സാമൂഹ്യബന്ധങ്ങളെ ശക്തിപ്പെടുത്തും. 'കുടുംബ ക്ലബ്ബ്' എന്ന കാലിക്കറ്റ് ഫുട്‌ബോള്‍ ക്ലബിന്റെ ഐഡന്റിറ്റി ശക്തിപ്പെടുത്താനും വനിതാ സപ്പോര്‍ട്ടര്‍ ഗ്രൂപ്പിലൂടെ സാധിക്കും.
Advertisment