Advertisment

അര്‍ജുന്‍ നന്ദകുമാറിന്റെ ബാറ്റിംഗ്, അലക്‌സാണ്ടര്‍ പ്രശാന്തിന്റെ ബൗളിംഗ്, ബിനീഷ് കോടിയേരിയുടെ ക്യാപ്റ്റന്‍സി ! കേരള സ്‌ട്രൈക്കേഴ്‌സിന്റേത് ഒരു ഒന്നൊന്നര വിജയം; സിസിഎല്ലില്‍ സാധ്യതകള്‍ സജീവമാക്കി മലയാളത്തിന്റെ സ്വന്തം ടീം

ഈ വിജയത്തോടെ കേരളം ലീഗില്‍ സാധ്യതകള്‍ സജീവമാക്കി. മാര്‍ച്ച് 10ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ ചെന്നൈ റൈനോസിനെ മികച്ച മാര്‍ജിനില്‍ കീഴടക്കിയാല്‍ സ്‌ട്രൈക്കേഴ്‌സിന് സെമിയില്‍ പ്രവേശിക്കാം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
arjun nandakumar

ഹൈദരാബാദ്: ആവേശോജ്ജ്വല പോരാട്ടത്തില്‍ കരുത്തരായ തെലുങ്കു വാരിയേഴ്‌സിനെ ഒരു റണ്‍സിന് അട്ടിമറിച്ച് കേരള സ്‌ട്രൈക്കേഴ്‌സ് സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ പുതിയ സീസണില്‍ ആദ്യ ജയം സ്വന്തമാക്കി. ആദ്യ ഇന്നിംഗ്‌സില്‍ ആദ്യം ബാറ്റു ചെയ്ത കേരളം 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 95 റണ്‍സാണെടുത്തത്. പുറത്താകാതെ 28 പന്തില്‍ 49 റണ്‍സെടുത്ത അര്‍ജുന്‍ നന്ദകുമാറാണ് ടോപ് സ്‌കോറര്‍.

Advertisment

മറുപടി ബാറ്റിംഗിന് ഇറങ്ങിയ തെലുങ്കു വാരിയേഴ്‌സ് 10 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെടുത്തു. 17 റണ്‍സിന്റെ ലീഡും സ്വന്തമാക്കി. പുറത്താകാതെ 21 പന്തില്‍ 47 റണ്‍സെടുത്ത അശ്വിന്റെ പ്രകടനമാണ് ആദ്യ ഇന്നിംഗ്‌സില്‍ തെലുങ്കു വാരിയേഴ്‌സിന് കരുത്ത് പകര്‍ത്തത്. കേരള സ്‌ട്രൈക്കേഴ്‌സിനായി അനൂപ് കൃഷ്ണന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

ആദ്യ ഇന്നിംഗ്‌സില്‍ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സാണ് സ്വന്തമാക്കിയത്. ഇത്തവണയും അര്‍ജുനായിരുന്നു ടോപ് സ്‌കോറര്‍. താരം 25 പന്തില്‍ 43 റണ്‍സെടുത്തു. 

രണ്ടാം ഇന്നിംഗ്‌സില്‍ വെറും 77 റണ്‍സ് മാത്രമായിരുന്നു വാരിയേഴ്‌സിന്റെ വിജയലക്ഷ്യം. കേരളം തോല്‍വി ഉറപ്പിച്ച നിമിഷം. എന്നാല്‍ കൃത്യമാര്‍ന്ന ബോളിംഗിലൂടെ കേരളം മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. പ്രശാന്ത് അലക്‌സാണ്ടര്‍ എറിഞ്ഞ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു വാരിയേഴ്‌സിന് വേണ്ടിയിരുന്നത്.

സമ്മര്‍ദ്ദഘട്ടത്തെ അതിജീവിച്ച പ്രശാന്ത് രണ്ട് വൈഡുകള്‍ എറിഞ്ഞെങ്കിലും കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കാതെ കേരളത്തിന് വിജയം സമ്മാനിക്കുകയായിരുന്നു. രണ്ട് വിക്കറ്റും താരം അവസാന ഓവറില്‍ വീഴ്ത്തി. സഞ്ജു ശിവറാമും കേരളത്തിന് വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. ബിനീഷ് കോടിയേരിയുടെ മികച്ച ക്യാപ്റ്റന്‍സിയും മത്സരത്തില്‍ നിര്‍ണായകമായി. വാരിയേഴ്‌സിന്റെ നായകനും കരുത്തനുമായ അഖില്‍ അഖിനേനിയെ പുറത്താക്കിയതും ബിനീഷായിരുന്നു.

ഈ വിജയത്തോടെ കേരളം ലീഗില്‍ സാധ്യതകള്‍ സജീവമാക്കി. മാര്‍ച്ച് 10ന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ ചെന്നൈ റൈനോസിനെ മികച്ച മാര്‍ജിനില്‍ കീഴടക്കിയാല്‍ സ്‌ട്രൈക്കേഴ്‌സിന് സെമിയില്‍ പ്രവേശിക്കാം. മറ്റു ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചാകും കേരളത്തിന്റെ മുന്നോട്ടുപോക്ക്. നേരത്തെ മുംബൈ ഹീറോസിനോടും, ബെംഗാള്‍ ടൈഗേഴ്‌സിനോടും കേരളം പരാജയപ്പെട്ടിരുന്നു.

Advertisment