ചെന്നൈ: ചെന്നൈയില്‍ തിലക് വര്‍മയുടെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ ഇംഗ്ലണ്ടിന്റെ മുട്ടിടിച്ചു. രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 166 റണ്‍സ് വിജയലക്ഷ്യം നാല് പന്തുകള്‍ ബാക്കി നില്‍ക്കേ ഇന്ത്യ മറികടന്നു. അര്‍ധസെഞ്ചുറി നേടിയ തിലക് വര്‍മയാണ് ഇന്ത്യയുടെ വിജയത്തിന്റെ ശില്പി.
അതോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-0 മുന്നിലെത്തി.
166 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി തിലക് വര്‍മ മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
അഭിഷേക് ശര്‍മ(12), സഞ്ജു സാംസണ്‍(5), സൂര്യ കുമാര്‍ യാദവ്(12), ധ്രുവ് ജുറെല്‍(4), ഹാര്‍ദിക് പാണ്ഡ്യ(7) എന്നിവര്‍ തിളങ്ങാനാവാത്തത് ഇന്ത്യക്ക് തിരിച്ചടിയായി.
ആറാം വിക്കറ്റില്‍ ക്രീസിലൊന്നിച്ച തിലക് വര്‍മയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ 100-കടത്തി.
എന്നാല്‍ വാഷിങ്ടണ്‍ സുന്ദറിനെ പുറത്താക്കി ബ്രൈഡന്‍ കാര്‍സ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.
പിന്നാലെ അക്ഷര്‍ പട്ടേലും(2) പുറത്തായി. അതോടെ ഇന്ത്യ 126-7 എന്ന നിലയിലേക്ക് വീണു.
പിന്നീട് വെടിക്കെട്ട് നടത്തിയ തിലക് വര്‍മ ഇന്ത്യക്ക് വിജയപ്രതീക്ഷ നല്‍കി.
അര്‍ഷ്ദീപ് സിങ്ങിനെ ഒരുവശത്ത് നിര്‍ത്തി തിലക് ടീം സ്‌കോര്‍ ഉയര്‍ത്തി. അര്‍ഷ്ദീപിനെ കൂടാരം കയറ്റി ഇംഗ്ലണ്ട് മത്സരം പിടിമുറുക്കി.
അവസാന മൂന്ന് ഓവറില്‍ 20 റണ്‍സാണ് ഇന്ത്യക്ക് വേണ്ടി വന്നത്. പിന്നീട് ക്രിസീലിറങ്ങിയ രവി ബിഷ്‌ണോയും ബൗണ്ടറികളടിച്ച് ക്രീസ് നിറഞ്ഞ് കളിച്ചതോടെ ഇന്ത്യ ജയം ഉറപ്പിച്ചു.
തിലക് വര്‍മ 55 പന്തില്‍ നിന്ന് 72 റണ്‍സോടെ പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സ് മൂന്ന് വിക്കറ്റെടുത്തു.