/sathyam/media/media_files/2025/08/27/images-1280-x-960-px310-2025-08-27-12-01-13.jpg)
ചെന്നൈ: ഒരുപതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഐപിഎൽ കരിയറിന് വിരാമമിട്ട് സ്പിന്നർ ആർ അശ്വിൻ. കഴിഞ്ഞ സീസണിൽ ചെന്നൈ സൂപ്പർകിങ്‌സിലേക്ക് മടങ്ങിയെത്തിയ അശ്വിൻ ഇത്തവണ പുതിയ ഫ്രാഞ്ചൈസിയിലേക്ക് ചേക്കേറുമെന്ന വാർത്തകൾക്കിടെയാണ് അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്.
ഐപിഎല്ലിൽ നിന്നും കളമൊഴിഞ്ഞെങ്കിലും മറ്റ് ഫ്രാഞ്ചൈസി ലീഗുകളിലടക്കം കളിക്കുമെന്ന് താരം സൂചന നൽകി. ഐപിഎല്ലിൽ അവസരം നൽകിയ ടീമുകൾക്കും ബിസിസിഐക്കും നന്ദി പറഞ്ഞുകൊണ്ട് എക്‌സിലൂടെയാണ് 38 കാരൻ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വർഷം ഡിസംബറിൽ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞിരുന്നു
2009ൽ ചെന്നൈ സൂപ്പർ കിങ്‌സിനായി ഐപിഎല്ലിൽ അരങ്ങേറിയ അശ്വിൻ കരിയറിൽ 221 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. 187 വിക്കറ്റുകൾ സ്വന്തമാക്കി. 833 റൺസും സ്വന്തമാക്കി.
ചെന്നൈയിൽ നിന്ന് 2015ൽ പഞ്ചാബ് കിങ്‌സിലേക്ക് ക്യാപ്റ്റനായെത്തിയ അശ്വിൻ 2018ൽ ഡൽഹി ക്യാപിറ്റൽസിനായും 2021 മുതൽ 2024വരെ രാജസ്ഥാൻ റോയൽസിനായും കളിച്ചശേഷം കഴിഞ്ഞ സീസണിൽ ചെന്നൈയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
9.75 കോടിയ്ക്ക് ചെന്നൈയിലേക്ക് ചേക്കേറിയ വെറ്ററൻ സ്പിന്നർക്ക് ടീമിനൊപ്പം പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായില്ല.
കഴിഞ്ഞ സീസണിൽ ചെന്നൈ കുപ്പായത്തിൽ ഒമ്പത് മത്സരങ്ങൾ കളിച്ച അശ്വിൻ ഏഴ് വിക്കറ്റുകളാണ് നേടിയത്. യുഎസിലെ മേജർ ലീഗ് ക്രിക്കറ്റ്, തമിഴ്‌നാട് പ്രീമിയർ ലീഗ് ഉൾപ്പെടെയുള്ള ഫ്രാഞ്ചൈസി മത്സരങ്ങളിലാകും അശ്വിൻ ഇനി കളിക്കുക.