/sathyam/media/media_files/2025/10/16/ck-nayidutrophy-2025-10-16-17-52-03.jpg)
സൂറത്ത് : 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ ഗുജറാത്തിനെതിരെ കേരളം ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിവസം കളി നിർത്തുമ്പോൾ അഞ്ച് വിക്കറ്റിന് 204 റൺസെന്ന നിലയിലാണ് കേരളം. ഒരു ഘട്ടത്തിൽ ബാറ്റിങ് തകർച്ച നേരിട്ട കേരളം, വരുൺ നായനാരുടെ ഉജ്ജ്വല ഇന്നിങ്സിൻ്റെ മികവിലാണ് മല്സരത്തിലേക്ക് തിരിച്ചു വന്നത്. കളി നിർത്തുമ്പോൾ വരുൺ 91 റൺസുമായി പുറത്താകാതെ നില്ക്കുകയാണ്.
ടോസ് നേടിയ കേരളം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒരു റണ്ണെടുത്ത ഓപ്പണർ ഒമർ അബൂബക്കറുടെ വിക്കറ്റ് കേരളത്തിന് തുടക്കത്തിൽ തന്നെ നഷ്ടമായി. തുടർന്നെത്തിയ വരുൺ നായനാർ എ കെ ആകർഷിനൊപ്പം ചേർന്ന് ഇന്നിങ്സ് മുന്നോട്ടു നീക്കി. എന്നാൽ സ്കോർ 53ൽ നില്ക്കെ 28 റൺസെടുത്ത ആകർഷ് പുറത്തായി. വൈകാതെ 18 റൺസുമായി രോഹൻ നായരും നാല് റൺസെടുത്ത കാമിൽ അബൂബക്കറും പുറത്തായതോടെ നാല് വിക്കറ്റിന് 98 റൺസെന്ന നിലയിലായിരുന്നു കേരളം. തുടർന്നെത്തിയ പവൻ ശ്രീധറും വരുൺ നായനാരും ചേർന്ന കൂട്ടുകെട്ടാണ് കേരളത്തെ കരകയറ്റിയത്.
കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു. കളി അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് പവൻ ശ്രീധർ പുറത്തായത്. ഏഴ് ഫോറടക്കം 48 റൺസാണ് പവൻ നേടിയത്. കളി നിർത്തുമ്പോൾ വരുൺ നായനാരും ക്യാപ്റ്റൻ അഭിജിത് പ്രവീണുമാണ് ക്രീസിൽ.91 റൺസുമായാണ് വരുൺ പുറത്താകാതെ നില്ക്കുന്നത്. എട്ട് ഫോറും ഒരു സിക്സും അടങ്ങുന്നതായിരുന്നു വരുണിൻ്റെ ഇന്നിങ്സ്.ഗുജറാത്തിന് വേണ്ടി ഭവ്യ ചൌഹാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.