/sathyam/media/media_files/2025/10/17/kca-2025-10-17-17-54-33.jpg)
സൂറത്ത് : 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി കെ നായിഡു ട്രോഫിയിൽ കേരളത്തിനെതിരെ ഗുജറാത്തിന് 16 റൺസിൻ്റെ ഒന്നാം ഇന്നിങ്സ് ലീഡ്. ഗുജറാത്തിൻ്റെ ആദ്യ ഇന്നിങ്സ് 286 റൺസിന് അവസാനിച്ചു. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം മൂന്ന് വിക്കറ്റിന് 64 റൺസെന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിൽ കേരളം 270 റൺസായിരുന്നു നേടിയത്.
അഞ്ച് വിക്കറ്റിന് 134 റൺസെന്ന നിലയിൽ മൂന്നാം ദിവസം കളി തുടങ്ങിയ ഗുജറാത്തിന്
കൃഷ് അമിത് ഗുപ്തയുടെയും രുദ്ര പ്രിതേഷ് പട്ടേലിൻ്റെയും ഇന്നിങ്സുകളാണ് കരുത്ത് പകർന്നത്. ഇരുവരും ചേർന്നുള്ള 67 റൺസിൻ്റെ കൂട്ടുകെട്ടാണ് അവർക്ക് ലീഡിലേക്ക് വഴിയൊരുക്കിയത്. 75 റൺസെടുത്ത കൃഷ് അമിത് ഗുപ്തയെ വിജയ് വിശ്വനാഥാണ് പുറത്താക്കിയത്.
28 റൺസെടുക്കുന്നതിനിടെ ഒരു വിക്കറ്റ് കൂടി നഷ്ടമായതോടെ ഏഴ് വിക്കറ്റിന് 228 റൺസെന്ന നിലയിലായിരുന്നു ഗുജറാത്ത്. എന്നാൽ രുദ്ര പ്രിതേഷ് പട്ടേലും ഷെൻ പട്ടേലും ചേർന്ന് ഗുജറാത്ത് ഇന്നിങ്സിനെ ലീഡിലേക്ക് നയിച്ചു. രുദ്ര പ്രിതേഷ് 56ഉം ഷെൻ പട്ടേൽ 30ഉം റൺസെടുത്തു. കേരളത്തിന് വേണ്ടി അഭിജിത് പ്രവീൺ മൂന്നും പവൻ രാജ്, വിജയ് വിശ്വനാഥ്, കൈലാസ് ബി നായർ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ രണ്ട് റൺസെടുത്ത ഒമർ അബൂബക്കറിൻ്റെ വിക്കറ്റ് നഷ്ടമായി. വരുൺ നായനാർ 21 റൺസും രോഹൻ നായർ 11 റൺസും നേടി മടങ്ങി. കളി നിർത്തുമ്പോൾ 25 റൺസോടെ എ കെ ആകർഷും മൂന്ന് റൺസോടെ കാമിൽ അബൂബക്കറുമാണ് ക്രീസിൽ.