മറഡോണയെ മറികടക്കാനായില്ല; മെസ്സിയുടെ ലോകകപ്പ് ജഴ്സി ലേലത്തിൽ പോയത് 7.8 ദശലക്ഷം ഡോളറിന്

New Update
2141127-messi-1.webp

2022ലെ ലോകകപ്പിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സിയണിഞ്ഞ ജഴ്സികൾ 7.803 ദശലക്ഷം യു.എസ് ഡോളറിന് (ഏകദേശം 65 കോടി രൂപ) ലേലത്തിൽ പോയി. കായിക ചരിത്രത്തിൽ ഏറ്റവും വലിയ വിലയ്ക്ക് ജഴ്സി ലേലത്തിൽ പോകുമെന്ന് കരുതിയിരുന്നെങ്കിലും അതുണ്ടായില്ല. 1986ൽ അർജന്റീന കിരീടമണിഞ്ഞ ലോകകപ്പിൽ വിവാദമായ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടുമ്പോൾ ഡീഗോ മറഡോണ അണിഞ്ഞ ജഴ്സിക്കാണ് ഫുട്ബാൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വില ലഭിച്ചിരുന്നത്. 9.28 ദശലക്ഷം ഡോളറിനാണ് 2022 മേയിൽ ഇത് ലേലത്തിൽ പോയത്.

Advertisment

ലേലത്തിൽ 10.1 ദശലക്ഷം ഡോളറിലധികം ലഭിച്ച് കായിക ചരിത്രത്തിലെ പുതിയ റെക്കോഡിടുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. ബാസ്കറ്റ് ബാൾ ഇതിഹാസം മൈക്കൽ ജോർദാൻ 1998ലെ എൻ.ബി.എ ഫൈനലിൽ അണിഞ്ഞ ജഴ്സിയാണ് കഴിഞ്ഞ വർഷം 10.1 ദശലക്ഷം ഡോളർ എന്ന റെക്കോഡ് തുകക്ക് ലേലത്തിൽ പോയിരുന്നത്.

ഗ്രൂപ്പ് ഘട്ടത്തിലും പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും സെമിഫൈനലിലും ഫൈനലിലും മെസ്സി അണിഞ്ഞ ആറ് ജഴ്സികളടങ്ങിയ സെറ്റാണ് ലേലത്തിൽ വെച്ചിരുന്നത്. അർജന്റീനയെ ഖത്തർ ലോകകപ്പിൽ ജേതാക്കളാക്കിയ മെസ്സി ഏഴ് ഗോൾ നേടുകയും മൂന്ന് ഗോളിന് അസിസ്റ്റ് നൽകുകയും ചെയ്തിരുന്നു. മികച്ച താരത്തിനുള്ള ഗോൾഡൻ ബാളും രണ്ടാമത്തെ ടോപ് സ്കോറർക്കുള്ള സിൽവർ ബൂട്ടും മെസ്സിക്കായിരുന്നു.

Advertisment