ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നടക്കുന്ന 38-ാം ദേശീയ ഗെയിംസിൽ കേരളത്തിന് ആദ്യ സ്വർണം. ഭാരോദ്വഹനത്തില്‍ സുഫ്‌ന ജാസ്മിനാണ് സ്വര്‍ണം നേടിയത്. വനിതകളുടെ 45കിലോ വിഭാഗത്തിലാണ് നേട്ടം.
തൃശൂര്‍ വേലുപാടം സ്വദേശിയാണ് സുഫ്‌ന ജാസ്മിന്‍. നേരത്തെ സര്‍വകലാശാല വിഭാഗത്തില്‍ ദേശീയ റെക്കോര്‍ഡിന് ഉടമ കൂടിയാണ് സുഫ്‌ന. മത്സരത്തിന്റെ തൊട്ടുമുന്‍പ് ഭാരപരിശോധനയില്‍ 150 ഗ്രാം കൂടുതലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുടി മുറിച്ചാണ് ഇവര്‍ മത്സരത്തിനെത്തിയത്.
ഗെയിംസിന്റെ ആദ്യ ദിനമായ ഇന്നലെ നീന്തലിൽ കേരളത്തിനായി സജൻ പ്രകാശ് ഇരട്ടവെങ്കലം നേടിയിരുന്നു. 200 മീറ്റർ ഫ്രീസ്റ്റൈൽ, 100 മീറ്റർ ബട്ടർഫ്ലൈ എന്നിവയിലാണു സജൻ വെങ്കലം നേടിയത്.
പുരുഷന്മാരുടെ 200 മീറ്റർ ഫ്രീസ്‌റ്റൈലിൽ മത്സരിക്കേണ്ടിവന്നത് നിലവിലെ റെക്കോഡുകാരൻ ശ്രീഹരി നടരാജനോടും കർണാടകത്തിന്റെ മറ്റൊരു കരുത്തൻ അനീഷ് ഗൗഡയോടും. പൊരുതി നീന്തി. 1: 53.73 സമയത്തിൽ മൂന്നാമതായി.
100 മീറ്റർ ബട്ടർഫ്ലൈയിൽ അപ്രതീക്ഷിത ഫലമായിരുന്നു. അവസാന 30 മീറ്ററിൽ സ്വർണം കൈവിട്ടു. 54.52 സെക്കൻഡിൽ മൂന്നാംസ്ഥാനം.
തമിഴ്‌നാടിന്റെ ബനഡിക്ടൻ രോഹിത് 53.89 സെക്കൻഡിൽ സ്വർണവും മഹാരാഷ്‌ട്രയുടെ മഹീർ ആംബ്രെ 54.24 സെക്കൻഡിൽ വെള്ളിയും നേടി. ദേശീയ ഗെയിംസിൽ സജന്റെ 28-ാം മെഡലാണിത്.