ഡെറാഡൂണ്‍: 38-ാമത് ദേശീയ ഗെയിംസിന് തിരിതെളിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി ഗെയിംസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചതോടെയാണ് ഉത്തരാഖണ്ഡിൽ ദേശീയ ഗെയിംസിന് തുടക്കമായത്.
ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.
ഉത്തരാഖണ്ഡില്‍ നിന്നുള്ള ബാഡ്മിന്റണ്‍ താരമായ ലക്ഷ്യസെന്‍ എത്തിച്ച ദീപശിഖ പ്രധാനമന്ത്രി ഗെയിംസ് വേദിയില്‍ സ്ഥാപിച്ചതോടെ ദേശീയ ഗെയിംസിന് ഔദ്യോഗിക തുടക്കമായി.
2036ല്‍ രാജ്യം ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങൾ ഔദ്യോഗികതലത്തിൽ നടത്തി വരുകയാണെന്ന് പ്രധാനമന്ത്രി ഉദ്ഘാടന സമ്മേളനത്തില്‍ പറഞ്ഞു.
ഒളിമ്പിക്‌സ് രാജ്യത്തിന്റെ കായികരംഗത്തിനെ പുതിയ ഉയരങ്ങളിലെത്തിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
എപ്പോഴൊക്കെ ഒളിമ്പിക്‌സ് നടക്കുമ്പോഴും എല്ലാ മേഖലയിലും അതിന്റെ പ്രയോജനമുണ്ടാകുന്നുണ്ട്.
കായികതാരങ്ങള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ അതുമൂലമുണ്ടാകുമെന്നും മോദി അഭിപ്രായപ്പെട്ടു. നിങ്ങളുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിലാണ് ഞങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.
രാജ്യത്തിന്റെ വികസനത്തില്‍ കായികമേഖലയെ പ്രധാനഘടകമായാണ് സര്‍ക്കാര്‍ പരിഗണിക്കുന്നതെന്നും മോദി പറഞ്ഞു.
ഫെബ്രുവരി 14 വരെ നടക്കുന്ന ദേശീയ ഗെയിംസില്‍ 32 ഇനങ്ങളിലായി 10,000 കായികതാരങ്ങളാണ് വിവിധ വേദികളില്‍ മാറ്റുരയ്ക്കുക.2025 ശംഖുകള്‍ മുഴക്കിക്കൊണ്ടാണ് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങിയത്