ഡെറാഡൂൺ: ദേശീയ ഗെയിംസിൽ കേരള താരം സാജൻ പ്രകാശിന് ഇരട്ട മെഡൽ. 200 മീറ്റർ ഫ്രീസ്‌റ്റൈലിലും 100 മീറ്റർ ബട്ടർഫ്‌ളൈസിലുമാണ് സാജനു വെങ്കലം ലഭിച്ചത്.
200 മീറ്റർ ഫ്രീ സ്റ്റൈലിൽ ഒരു മിനിറ്റ് 53.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് സാജൻ മൂന്നാമതെത്തിയത്. ഈ ഇനത്തിൽ കർണാടകയുടെ ശ്രീഹരി നടരാജനും എസ്. അനിഷ് ഗൗഡയും യഥാക്രമം സ്വർണവും വെള്ളിയും നേടി.
100 മീറ്റർ ബട്ടർഫ്ലൈയിൽ സ്വർണ പ്രതീക്ഷയുണ്ടായിരുന്ന സ്ഥാനത്താണ് സാജൻ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. സമയം 54.52 സെക്കൻഡ്.
ഈ ഇനത്തിൽ തമിഴ്നാടിൻ്റെ രോഹിത് ബെനഡിക്ഷൻ സ്വർണവും മഹാരാഷ്ട്രയുടെ അംബ്രെ മിഹിർ വെള്ളിയും നേടി.
താരത്തിന്റെ അഞ്ചാം ദേശീയ ഗെയിംസാണ് ഡെറാഡൂണിൽ നടക്കുന്നത്. 2011ൽ റാഞ്ചിയിലായിരുന്നു തുടക്കം. ഗോവൻ ഗെയിംസിൽ ഒമ്പത് മെഡൽ നേടിയ താരമാണ് സാജൻ. അഹമ്മദാബാദിൽ മികച്ച താരമായി മാറി.
ദേശീയ ഗെയിംസിൽ 26 മെഡൽ സ്വന്തമായുണ്ട്. 2016 റിയോ ഒളിമ്പിക്സിലും 2020 ടോക്യോ ഒളിമ്പിക്സിലും പങ്കെടുത്തു. തുടർച്ചയായി രണ്ട് ഒളിമ്പിക്സിൽ പങ്കെടുത്ത ആദ്യ ഇന്ത്യൻ നീന്തൽ താരമാണ് സാജൻ.