ഡൽഹി: ഡൽഹി ക്യാപ്പിറ്റൽസിനെ 14 റൺസിന് തോൽപ്പിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും പ്ലേ ഓഫ് സാധ്യത മെച്ചപ്പെടുത്തി. ഡൽഹി തട്ടകത്തിൽ നടന്ന പോരാട്ടത്തിൽ കൊൽക്കത്ത ഉയർത്തിയ 204 റൺസ് പിന്തുടർന്ന ഡൽഹിയുടെ പോരാട്ടം 190 റൺസിൽ അവസാനിക്കുകയായിരുന്നു.
ആദ്യം ബാറ്റുചെയ്ത കൊൽക്കത്തക്കായി മുൻനിരയൊന്നാകെ മികച്ച പ്രകടനമാണ് നടത്തിയത്. ഒരാളും അർധ സെഞ്ച്വറി പിന്നിടാതെയാണ് കൊൽക്കത്ത കൂറ്റൻ സ്കോർ ഉയർത്തിയത്.
റഹ്മത്തുള്ള ഗുർബാസ് (26), സുനിൽ നരൈൻ (27), അജിൻക്യരഹാനെ (26), അങ്ക്രിഷ് രഘുവൻശി (44), റിങ്കു സിങ് (36), ആന്ദ്രേ റസൽ (5) എന്നിങ്ങനെയാണ് സ്കോറുകൾ.
ഡൽഹിക്കായി മിച്ചൽ സ്റ്റാർക്ക് 43 റൺസ് വഴങ്ങി മൂന്നും വിപ്രജ് നിഗം, അക്സർപട്ടേൽ എന്നിവർ രണ്ട് വീതവും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്ക് ആദ്യ ഓവറിൽ തന്നെ അഭിഷേക് പൊറേലിനെ (4) നഷ്ടമായി. തൊട്ടുപിന്നാലെയെത്തിയ കരുൺ നായർ (15), കെഎൽ രാഹുൽ (7) തുടങ്ങിയവർക്കും തിളങ്ങാനായില്ല.
ഡൽഹി നിരയിൽ ഫാഫ് ഡുപ്ലെസിസി(45 പന്തിൽ 62) അക്സർപട്ടേൽ (23 പന്തിൽ 43) മാത്രമാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
വിപ്രജ് നിഗം (19 പന്തിൽ 38) പൊരുതിനോക്കിയെങ്കിലും പിന്തുണക്കാൻ ആരുമില്ലാതെ പോയി. 10 മത്സരങ്ങളിൽ നിന്നും 12 പോയന്റുള്ള ഡൽഹി നിലവിൽ നാലാം സ്ഥാനത്താണ്.