/sathyam/media/media_files/2025/09/22/photos47-2025-09-22-00-55-00.png)
ദുബൈ : അഭിഷേക് ശർമയുടെ അർദ്ധ സെഞ്ച്വറി മികവിൽ പാകിസ്താനെ ആറ് വിക്കറ്റിന് വീഴ്ത്തി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത പാകിസ്‌താനുയർത്തിയ 172 റൺസ് ലക്ഷ്യം ഇന്ത്യ 18.5 ഓവറിൽ മറികടന്നു.
ടോസ് നേടി പാകിസ്താനെ ബാറ്റിങ്ങിനയച്ച ഇന്ത്യൻ നായകൻ സൂര്യ കുമാർ യാദവ് ഇന്നും പാക് നായകന് ഹസ്തദാനം നൽകാതെ മടങ്ങി.
മികച്ച തുടക്കം പ്രതീക്ഷിച്ച പാകിസ്താന് മൂന്നാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ട്ടമായി. 9 പന്തിൽ 15 റൺസ് നേടിയ ഫഖർ സമാനെ ഹർദിക് പാണ്ട്യ സഞ്ജുവിന്റെ കൈകളെത്തിച്ചു.
പിന്നാലെയെത്തിയ സയീം അയൂബിനെ കൂട്ടുപിടിച്ച് ഓപ്പണർ സാഹിബ് ഫർഹാൻ പാകിസ്താൻ സ്കോർബോർഡ് ചലിപ്പിച്ചു.
45 പന്തിൽ 58 നേടിയ ഫർഹാനാണ് പാകിസ്താനെ മികച്ച ടോട്ടലിൽ എത്തിച്ചത്. ഇന്ത്യക്കായി ശിവം ദുബെ രണ്ടും കുൽദീപ് യാദവ്, ഹർദിക് പാണ്ട്യ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
ഓപ്പണർമാരായ അഭിഷേക് ശർമയും ഉപനായകൻ ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 105 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്.
തൊട്ടുപിന്നാലെയെത്തിയ നായകൻ സൂര്യ കുമാർ യാദവ് പൂജ്യത്തിൽ പുറത്തായെങ്കിലും തിലക് വർമയും, സഞ്ജു സാംസണും, ഹർദിക് പാണ്ട്യയുമെല്ലാം ചേർന്ന് ഇന്ത്യയെ വിജയത്തിലേക്കെത്തിച്ചു.
39 പന്തിൽ ആറ് ഫോറും 5 സിക്‌സും ഉൾപ്പടെ 74 റൺസാണ് അഭിഷേക് ശർമ അടിച്ചെടുത്തത്. 28 പന്തിൽ 8 ഫോറുൾപ്പടെ ഗിൽ 47 റൺസും നേടി. സെപ്റ്റംബർ 24 ന് ശ്രീലങ്കക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത സൂപ്പർ ഫോർ പോരാട്ടം.