ദുബായ്: 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം ചാംപ്യൻസ് ട്രോഫി കിരീടത്തിൽ ഇന്ത്യയുടെ മുത്തം. 25 വർഷം മുൻപത്തെ ഫൈനൽ തോൽവിക്ക് ന്യൂസിലൻഡിനോടു മധുര പ്രതികാരം തീർത്ത് കിരീടം നേടാനും ഇന്ത്യക്കായി.
ഫൈനലിൽ 4 വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഒരുവേള ന്യൂസിലൻഡ് ബൗളർമാർ ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിച്ചെങ്കിലും കെഎൽ രാഹുലിന്റെ കാമിയോ ഇന്നിങ്‌സ് സെമിയിലെന്ന പോലെ ഫൈനലിലും നിർണായകമായി. ഒരു കളി പോലും തോൽക്കാതെയാണ് ഇന്ത്യ കിരീടം പിടിച്ചെടുത്തത്.
ടോസ് നേടി ആദ്യം ബാറ്റിങിനു ഇറങ്ങിയ ന്യൂസിലൻഡ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി പറഞ്ഞ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 254 റൺസ് കണ്ടെത്തിയാണ് വിജയവും കിരീടവും സ്വന്തമാക്കിയത്.
കെഎൽ രാഹുൽ ഓരോ സിക്‌സും ഫോറും സഹിതം 33 പന്തിൽ 34 റൺസുമായും രവീന്ദ്ര ജഡേജ 9 റൺസുമായും പുറത്താകാതെ നിന്നു. ജഡേജ ഫോറടിച്ചാണ് വിജയമുറപ്പിച്ചത്. ഒപ്പം കിരീട നേട്ടവും.
ക്യാപ്റ്റൻ രോഹിത് ശർമ മുന്നിൽ നിന്നു നയിച്ചു. നിർണായക ബൗളിങ് മാറ്റങ്ങൾ കൊണ്ടു വന്നു കിവികൾക്കു കടിഞ്ഞാണിട്ടു തന്ത്രങ്ങളിൽ നിറഞ്ഞ രോഹിത് ബാറ്റിങിനു ഇറങ്ങിയപ്പോൾ ഇന്ത്യക്ക് നിർണായക ബാറ്റിങുമായി മിന്നും തുടക്കമാണ് നൽകിയത്.
പവർ പ്ലേയിൽ അതിവേഗം റൺസടിക്കുക എന്ന തന്ത്രം സമർഥമായി രോഹിത് നടപ്പാക്കി. ശുഭ്മാൻ ഗില്ലിനെ കാഴ്ചക്കാരനാക്കി ഹിറ്റ്മാൻ തകർപ്പൻ ബാറ്റിങുമായി കളം വാണു.
ഐസിസിയുടെ രണ്ട് കിരീടങ്ങളെന്ന അപൂർവ നേട്ടമുള്ള ക്യാപ്റ്റനായും രോഹിത് മാറി. നേരത്തെ ഐസിസി ടി20 ലോകകപ്പ് രോഹിതിന്റെ നേതൃത്വത്തിൽ ഇന്ത്യ നേടിയിരുന്നു. പരിശീലകനെന്ന നിലയിൽ ഗൗതം ഗംഭീറിനും ഇത് നേട്ടമാണ്.
ചാംപ്യൻസ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ. ഒരു കളി പോലും തോൽക്കാതെയാണ് ഇന്ത്യ കിരീടം പിടിച്ചെടുത്തത്. ഇന്ത്യയുടെ മൂന്നാം ചാംപ്യൻസ് ട്രോഫി കിരീടംമാണിത്. നേരത്തെ 2002ൽ ശ്രീലങ്കയ്‌ക്കൊപ്പം സംയുക്ത ചാംപ്യൻമാരായ ഇന്ത്യ 2013ലാണ് രണ്ടാം കിരീടം നേടിയത്.