/sathyam/media/media_files/2025/02/05/UW4JcdchcjBMeQtV0FEb.jpg)
ഹൽദ്വാനി:വാട്ടർപോളോ വനിതാവിഭാഗത്തിൽ കേരളം ചാമ്പ്യൻമാരായി. തുടർച്ചയായ രണ്ടാംകിരീടമാണിത്. പുരുഷ ടിം മൂന്നാംസ്ഥാനം നേടി. ഫൈനലിൽ മഹാരാഷ്‌ട്രയായിരുന്നു വനിതകളിലെ എതിരാളി. 11–7നാണ് ജയം.
എട്ടു മിനിറ്റുവീതമുള്ള നാലു ക്വാർട്ടറിന്റെ ആദ്യഘട്ടത്തിൽ മഹാരാഷ്‌ട്ര മികച്ച മുന്നേറ്റം നടത്തി. എന്നാൽ, അവസാന നിമിഷങ്ങളിൽ മൂന്ന് ഗോൾ തൊടുത്ത് കേരളം ആധിപത്യം നേടി. ഗോൾ കീപ്പർ ദേവി സന്തോഷിന്റെ പ്രകടനം കേരളത്തിനു കരുത്തേകി.
ആക്രമണനീക്കങ്ങൾ കണ്ട രണ്ടാം ക്വാർട്ടറിൽ ക്യാപ്‌റ്റൻ എ ആർ കൃപയും വി എസ് സുരഭിയും എസ് വർഷയും എൽ അഞ്‌ജലിയും ഉൾപ്പെട്ട നിര മൂന്ന് ഗോൾ നേടി. വ്യക്തമായ ലീഡ് നേടിയാണ് ഇടവേളയ്‌ക്ക് പിരിഞ്ഞത്.
അവസാന ക്വാർട്ടറിൽ മഹാരാഷ്‌ട്ര തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും കേരളം ശക്തമായി പ്രതിരോധിച്ചു. ഒമ്പതുപേർ രാജ്യാന്തര താരങ്ങളാണ്. ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യൻമാരായ ടീം തന്നെയാണ് ഗെയിംസിനും ഇറങ്ങിയത്.
സെമിയിൽ കരുത്തരായ ബംഗാളിനെയാണ് തോൽപ്പിച്ചത്. കർണാടകയെ തോൽപ്പിച്ച് ബംഗാൾ മൂന്നാംസ്ഥാനം നേടി. നാല് ഗെയിംസിൽ കേരളത്തിന്റെ മൂന്നാം സ്വർണമാണ്. അഹമ്മദാബാദിൽമാത്രം മൂന്നാംസ്ഥാനം.
പുരുഷന്മാരിൽ ബംഗാളിനെ ആവേശകരമായ പോരിൽ 15-14ന് തോൽപ്പിച്ചാണ് വെങ്കലനേട്ടം.