/sathyam/media/media_files/TljeJXrYJWJ1KJox7ZxE.jpg)
ലോകകപ്പില്‍ കിരീട പ്രതീക്ഷയുമായി മുന്നേറുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. കണങ്കാലിന് പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകില്ലെന്ന് ഉറപ്പായി. കഴിഞ്ഞ മാസം പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്.
മത്സരത്തിലെ തന്റെ ആദ്യ ഓവര്‍ പന്തെറിയുന്നതിനിടെ 30കാരനായ ഹര്‍ദിക് കണങ്കാലിന് പരിക്കേറ്റ് പുറത്തേക്ക് പോവുകയായിരുന്നു. പിന്നീട് ചികില്‍സയ്ക്കു ശേഷം ഓവര്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിച്ചെങ്കിലും ബൗളിംഗ് തുടരുന്നതില്‍ പരാജയപ്പെട്ടതോടെ ശേഷിക്കുന്ന മൂന്ന് പന്തുകള്‍ എറിഞ്ഞത് ഇതിഹാസ താരം വിരാട് കോഹ്ലിയാണ്.
ഹര്‍ദിക്കിന് പരിക്കേറ്റതിന് ശേഷം, ഇന്ത്യ മുഹമ്മദ് ഷമിയെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തി, താരം ഇതിനകം മൂന്ന് മത്സരങ്ങളില്‍ നിന്ന് 4.27 എന്ന എക്കോണമി റേറ്റില്‍ 14 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ന്യൂസിലന്‍ഡിനും ശ്രീലങ്കയ്ക്കുമെതിരെ അഞ്ച് വിക്കറ്റ് നേട്ടവും അദ്ദേഹം സ്വന്തമാക്കി.
ഹര്‍ദിക് പാണ്ഡ്യയ്ക്ക് പകരം പ്രസിദ് കൃഷ്ണ ടീമിലേക്ക് എത്തും. ടൂര്‍ണമെന്റിന്റെ ഇവന്റ് ടെക്നിക്കല്‍ കമ്മിറ്റി നവംബര്‍ 4 ശനിയാഴ്ച പേസറെ പകരക്കാരനായി അംഗീകരിച്ചു. ഇതോടെ നവംബര്‍ 5 ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന ടെംബ ബാവുമയുടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ നിര്‍ണായക മത്സരത്തിന് മുന്നോടിയായാണ് ഈ തീരുമാനം.
അടുത്തിടെ നടന്ന സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയില്‍ കര്‍ണാടകയ്ക്ക് വേണ്ടി മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്. ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവരെല്ലാം ഇതിനകം തന്നെ മികച്ച ഫോമിലായതിനാല്‍, അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കൃഷ്ണയ്ക്ക് ഉടന്‍ അവസരം ലഭിക്കാന്‍ സാധ്യതയില്ല.