പവര്‍പ്ലേയുടെ ആനുകൂല്യം മുതലാക്കി അടിച്ചുതകര്‍ക്കുന്ന ഓപ്പണര്‍മാര്‍. റെക്കോഡുകളില്‍ നിന്ന് റെക്കോഡുകളിലേക്കുള്ള പ്രയാണമെന്ന് തോന്നിപ്പിക്കുന്ന പ്രകടനങ്ങള്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റര്‍മാര്‍ ഇതുവരെ കാഴ്ചവച്ച പ്രകടനത്തെ എതിര്‍ടീം പോലും നമിച്ചുപോകും. അത്രയേറെ സ്‌ഫോടനാത്മകത. ബൗണ്ടറികളില്‍ നിന്ന് ബൗണ്ടറികളിലേക്കുള്ള സഞ്ചാരം.
സണ്‍റൈസേഴ്‌സ് ആദ്യം ബാറ്റു ചെയ്ത മത്സരങ്ങളിലെല്ലാം ഇതുവരെ അനുഭവപ്പെട്ടത് ഒരുതരം 'ദേജാവൂ' ഫീലിംഗ്. കഴിഞ്ഞ മത്സരത്തിലും ഇതു തന്നെയല്ലെ കണ്ടതെന്ന ഒരു ചിന്ത. ട്രാവിസ് ഹെഡ്, അഭിഷേക് ശര്‍മ, ഹെയിന്റിച്ച് ക്ലാസണ്‍ എന്നിവര്‍ തിരികൊളുത്തുന്ന സണ്‍റൈസേഴ്‌സിന്റെ വെടിക്കെട്ട് പ്രകടനത്തിന് ഒരു പ്രത്യേക ചന്തം തന്നെ.
റണ്‍മഴ, റെക്കോഡ്
മാര്‍ച്ച് 27: വേദി ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്‌റ്റേഡിയം. എതിരാളികള്‍ മുംബൈ ഇന്ത്യന്‍സ്. 2013 ഏപ്രില്‍ 23ന് പൂനെ വാരിയേഴ്‌സിനെതിരെ ആര്‍സിബി നേടിയ 263 റണ്‍സായിരുന്നു ഈ മത്സരം തുടങ്ങുന്നതിന് മുമ്പു വരെ ഐപിഎല്ലിലെ ഒരു ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍. 11 വര്‍ഷത്തോളം ആര്‍സിബി കൈയ്യടക്കി വച്ച റെക്കോഡിന് കൗണ്ട് ഡൗണ്‍ കുറിച്ചുകൊണ്ട് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാറ്റര്‍മാര്‍ നിറഞ്ഞാടി. ഹെഡ് (24 പന്തില്‍ 62)-അഭിഷേക് (23 പന്തില്‍ 63)-ക്ലാസണ്‍ (34 പന്തില്‍ 80 നോട്ടൗട്ട്) ത്രയത്തിന്റെ പ്രകടനമികവില്‍ സണ്‍റൈസേഴ്‌സ് അടിച്ചുകൂട്ടിയത് 277 റണ്‍സ്. സ്വന്തമാക്കിയത് ഐപിഎല്ലിലെ ഒരു ടീമിന്റെ ഉയര്‍ന്ന സ്‌കോറെന്ന റെക്കോഡും.
ഏപ്രില്‍ 15: സ്വന്തം റെക്കോഡ് വെറും 19 ദിവസത്തിനകം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തിരുത്തിക്കുറിക്കുന്ന കാഴ്ചയ്ക്കാണ് ഏപ്രില്‍ 15ന് ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ആതിഥേയരായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ബൗളര്‍മാരെ തല്ലി പരുവം കെടുത്തി ആദ്യം ബാറ്റു ചെയ്ത സണ്‍റൈസേഴ്‌സ് നേടിയത് 287 റണ്‍സ്. ഇത്തവണയും നിര്‍ണായകമായത് ഹെഡ്-ക്ലാസണ്‍-അഭിഷേക് ത്രയത്തിന്റെ പ്രകടനം.
ഈ മത്സരത്തില്‍ ഹെഡിന്റെ സംഭാവന 41 പന്തില്‍ 102 റണ്‍സ്. ക്ലാസണ്‍ അടിച്ചുകൂട്ടിയത് 31 പന്തില്‍ 67. അഭിഷേക് സ്വന്തമാക്കിയത് 22 പന്തില്‍ 34. അബ്ദുല്‍ സമദ് (10 പന്തില്‍ 37 നോട്ടൗട്ട്), എയ്ഡന്‍ മര്‍ക്രം (17 പന്തില്‍ 32 നോട്ടൗട്ട്) എന്നിവരും ഈ മത്സരത്തില്‍ തിളങ്ങി.
സണ്‍റൈസേഴ്‌സ് പടുത്തുയര്‍ത്തിയ 287 റണ്‍സിന്റെ ഈ റെക്കോഡിന് ഉടനെങ്ങും ഇളക്കം തട്ടില്ലെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിലവിലെ ഫോം പരിഗണിച്ചാല്‍ സണ്‍റൈസേഴ്‌സ് തന്നെ സ്വന്തം റെക്കോഡ് വീണ്ടും പഴങ്കഥയാക്കുമെന്ന് കരുതുന്നവരും ഏറെ.
ഏപ്രില്‍ 20: സണ്‍റൈസേഴ് ഓപ്പണര്‍മാര്‍ ഒരിക്കല്‍ കൂടി നിറഞ്ഞാടുന്ന രംഗങ്ങളാണ് ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ കാണാനായത്. സണ്‍റൈസേഴ്‌സിന്റെ സൂര്യപ്രഭയില്‍ ആതിഥേയരായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളര്‍മാര്‍ വാടിത്തളര്‍ന്നു. ഓപ്പണിംഗ് വിക്കറ്റില്‍, 6.2 ഓവറില്‍ 131 റണ്‍സാണ് ഓപ്പണര്‍മാരായ ഹെഡും അഭിഷേകും അടിച്ചുകൂട്ടിയത്.
ഹെഡ് 32 പന്തില്‍ 89 റണ്‍സെടുത്തു. അഭിഷേക് 12 പന്തില്‍ 46ഉം. ക്ലാസന് ഈ മത്സരത്തില്‍ കാര്യമായി തിളങ്ങാനായില്ല. എട്ട് പന്തില്‍ 15 റണ്‍സ് മാത്രമായിരുന്ന താരത്തിന്റെ സമ്പാദ്യം. എങ്കിലും ഉഗ്രന്‍ രണ്ട് സിക്‌സറുകള്‍ ആ ബാറ്റില്‍ നിന്ന് ഉദയം കൊണ്ടു. ഈ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ബാറ്റര്‍മാര്‍ സ്വരൂപിച്ചത് 266 റണ്‍സ്. ഐപിഎല്ലിലെ നാലാമത്തെ ഒരു ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍.
മറ്റുള്ള ടീമുകളോടാണ്, ഇവരെ സൂക്ഷിക്കുക !
ട്രാവിസ് ഹെഡ്:
ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീമിനെ കണ്ണീര് കുടിപ്പിച്ചതില്‍ നിര്‍ണായക പങ്കു വഹിച്ച ഈ ഓസീസ് താരത്തെ അത്ര പെട്ടെന്ന് മറക്കാന്‍ ആര്‍ക്കും സാധിക്കില്ല. കരിയരിലെ ഉജ്ജ്വല ഫോമിലൂടെ ഒരുപക്ഷേ, 'പീക്ക് ടൈമി'ലൂടെ കടന്നുപോകുന്ന താരത്തിന്റെ പകര്‍ന്നാട്ടമാണ് ഐപിഎല്ലിലും കാണാനാകുന്നത്.
ഇതുവരെ (ഏപ്രില്‍ 20) കളിച്ച ആറു മത്സരങ്ങളില്‍ നിന്ന് ഹെഡ് അടിച്ചുകൂട്ടിയത് 324 റണ്‍സ്. ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ രണ്ടാം സ്ഥാനം. സ്‌ട്രൈക്ക് റേറ്റ് 216.00. ഹെഡ് എതിര്‍ടീമിന് എത്ര നാശം വിതയ്ക്കുന്നുണ്ടെന്ന് ഈ സ്‌ട്രൈക്ക് റേറ്റ് വ്യക്തമാക്കും. ഇതുവരെ പായിച്ചത് 39 ഫോറും, 18 സിക്‌സറും. ഉയര്‍ന്ന സ്‌കോര്‍ 102.
അഭിഷേക് ശര്‍മ:
സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ ഹെഡിനും മുകളിലാണ് അഭിഷേകിന്റെ സ്ഥാനം, 215.96. ഇരുനൂറിന് മുകളില്‍ സ്‌ട്രൈക്ക് റേറ്റ് നിലനിര്‍ത്തുന്ന അഭിഷേക്-ഹെഡ് ഓപ്പണിംഗ് കൂട്ടുക്കെട്ടാണ് സണ്‍റൈസേഴ്‌സിന്റെ പ്രധാന കരുത്ത്. 24 സിക്‌സാണ് അഭിഷേകിന്റെ ബാറ്റില്‍ നിന്ന് ഇതുവരെ പിറന്നത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 257 റണ്‍സുമായി ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ പത്താമതാണ് താരം.
ഹെയിന്റിച്ച് ക്ലാസണ്‍:
അനായാസേന സിക്‌സടിക്കാനുള്ള കഴിവാണ് ക്ലാസനെ ശ്രദ്ധേയനാക്കുന്നത്. ഇതുവരെ 26 സിക്‌സാണ് താരം നേടിയത്. ഐപിഎല്ലിലെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരങ്ങളുടെ പട്ടികയില്‍ ക്ലാസണ്‍ ഒന്നാമതാണ്. അഭിഷേക് രണ്ടാമതും. ഓറഞ്ച് ക്യാപിനായുള്ള പോരാട്ടത്തില്‍ എട്ടാമതാണ് ഈ ദക്ഷിണാഫ്രിക്കന്‍ താരം. ഏഴ് മത്സരങ്ങളില്‍ നിന്നുള്ള സമ്പാദ്യം 268 റണ്‍സ്. സ്‌ട്രൈക്ക് റേറ്റ് 198.51.