/sathyam/media/media_files/2025/08/31/2670815-asia-cup-hockey-2025-08-31-20-47-35.webp)
ഭുവനേശ്വർ: ഏഷ്യാകപ്പ് ഹോക്കിയിൽ നായകൻ ഹർമൻപ്രീതിന്റെ ഇരട്ട ഗോളിൽ ഇന്ത്യക്ക് തകർപ്പൻ ജയം. പൂൾ ‘എ’യിലെ രണ്ടാം മത്സരത്തിൽ ജപ്പാനെ 3-2ന് തോൽപിച്ചാണ് ഇന്ത്യ സൂപ്പർ ഫോറിലേക്കുള്ള ബർത്ത് ഏതാണ്ടുറപ്പിച്ചത്.
ആദ്യ മത്സരത്തിൽ ചൈനയെ തകർത്തതിന്റെ ആവേശത്തിൽ ജപ്പാനെതിരെ ഇറങ്ങിയ ഇന്ത്യ കളിയുടെ നാലാം മിനിറ്റിൽ മന്ദീപിന്റെ ഗോളിലൂടെ തുടക്കം കുറിക്കുകയായിരുന്നു. പിന്നാലെ, ആക്രമണ ദൗത്യം നായകൻ ഹർമൻ പ്രീത് ഏറ്റെടുത്തു.
അഞ്ചാം മിനിറ്റിലായിരുന്നു ഹർമൻ പ്രീതിന്റെ ആദ്യ ഗോൾ. 46ാം മിനിറ്റിൽ അടുത്ത ഗോൾ കൂടി നേടി ഇന്ത്യയുടെ വിജയം ഉറപ്പിച്ചു. തിങ്കളാഴ്ച കസാഖിസ്താനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.
കിരീട വിജയത്തിലൂടെ അടുത്തവർഷം ബെൽജിയം-നെതർലൻഡ്സിൽ നടക്കുന്ന ഹോക്കി വേൾഡ് കപ്പിന് യോഗ്യത നേടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. പൂളിൽ നിന്നുള്ള ആദ്യ രണ്ടു സ്ഥാനക്കാർക്ക് സെമിയിലേക്ക് ഇടം നേടാം.
മലേഷ്യ, ദക്ഷിണ കൊറിയ, ബംഗ്ലാദേശ്, ചൈനീസ് തായ്പെയ് എന്നിവരാണ് പൂൾ ‘ബി’യിലെ മറ്റു ടീമുകൾ.