ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍; ജപ്പാനെ തകർത്തത് അഞ്ച് ഗോളുകള്‍ക്ക്

New Update
hockey

ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍. സെമി പോരാട്ടത്തില്‍ ജപ്പാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. അപരാജിത മുന്നേറ്റത്തോടെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശം.

Advertisment

കൊറിയയെ വീഴ്ത്തി കരുത്തരായ മലേഷ്യയും ഫൈനലിലേക്ക് കടന്നു. നാളെ നടക്കുന്ന ഫൈനലിൽ ഇന്ത്യ- മലേഷ്യയെ നേരിടും. 

മുന്‍ നായകനും മലയാളി താരവും ഗോള്‍ കീപ്പറുമായ പിആര്‍ ശ്രീജേഷിന്റെ കരിയറിലെ 300ാം അന്താരാഷ്ട്ര പോരാട്ടമാണ് സെമി എന്നതും ഇന്ത്യക്ക് നിര്‍ണായകമായിരുന്നു. ഉജ്ജ്വല വിജയത്തിലൂടെ അവിസ്മരണീയ സമ്മാനമാണ് ടീം താരത്തിനായി നല്‍കിയത്. 

19ാം മിനിറ്റില്‍ ആകാശ്ദീപ് സിങ്, 23ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ്, 30ാം മിനിറ്റില്‍ മന്‍ദീപ് സിങ് എന്നിവരാണ് ഇന്ത്യക്കായി ലീഡ് സമ്മാനിച്ചത്. നാലാം ഗോള്‍ അമിതിലൂടെയായിരുന്നു. 39ാം മിനിറ്റില്‍ മന്‍പ്രീത് സിങിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. 

51ാം മിനിറ്റില്‍ ഇന്ത്യ അഞ്ചാം ഗോളും നേടി. ഫീല്‍ഡ് ഗോളായിരുന്നു ഇത്. കാര്‍ത്തി സെല്‍വമാണ് ലീഡ് അഞ്ചിലെത്തിച്ചത്. 

ഇത് അഞ്ചാം തവണയാണ് ഇന്ത്യ ഫൈനലിലെത്തുന്നത്. മൂന്ന് തവണ കിരീടം നേടി. 2011, 16, 18 വര്‍ഷങ്ങളിലാണ് കിരീട നേട്ടം. 2012ല്‍ തുടര്‍ച്ചയായി രണ്ടാം തവണയും ഫൈനലിലെത്തിയെങ്കിലും പാകിസ്ഥാനോടു തോറ്റു.

Advertisment