ന്യൂസിലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ അടിയറവ് പറഞ്ഞിരിക്കുകയാണ് ടീം ഇന്ത്യ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിന് യോഗ്യത നേടാന്‍ ഇതോടെ ഇനി ഇന്ത്യ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് വ്യക്തം.
നിലവില്‍ ഡബ്ല്യുടിസി പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. 58.33% ആണ് ഇന്ത്യയുടെ പിസിടി (പോയിന്റ് പെര്‍സന്റേജ് സിസ്റ്റം). ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയുടെ ശതമാനം 62.50 ആണ്. 55.56 ശതമാനവുമായി ശ്രീലങ്കയാണ് മൂന്നാമത്. ഇന്ത്യയ്‌ക്കെതിരായ പരമ്പര തൂത്തുവാരിയ ന്യൂസിലന്‍ഡ് നാലാമതെത്തി (54.54%).
തുടര്‍ച്ചയായ മൂന്നാം ഡബ്ല്യുടിസി ഫൈനലിന് യോഗ്യത നേടാന്‍ ഇന്ത്യയ്ക്ക് ഓസ്‌ട്രേലിയക്കെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയില്‍ നാലെണ്ണത്തില്‍ ജയിച്ചേ മതിയാകൂ. ഇല്ലെങ്കില്‍ മറ്റ് ടീമുകളുടെ ജയപരാജയം ആശ്രയിച്ചാകും ഇന്ത്യയുടെ ഡബ്ല്യുടിസി ഭാവി.
അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്കായി ഇന്ത്യ അടുത്തയാഴ്ച ഓസ്‌ട്രേലിയയിലേക്ക് പോകും. ബോർഡർ-ഗവാസ്‌കർ ട്രോഫി നവംബർ 22-ന് പെർത്തിൽ ആരംഭിക്കും. ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്‌കറിൻ്റെ കഴിഞ്ഞ രണ്ട് എഡിഷനുകളിലും ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ ഡബ്ല്യുടിസി ഫൈനലിൽ സ്ഥാനം ഉറപ്പിക്കാൻ ഇന്ത്യക്ക് നാല് മത്സരങ്ങൾ ജയിച്ചേ മതിയാവൂ.