ഹൈദരാബാദ്: കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ. കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിറിലാണ് കേന്ദ്രമന്ത്രി കേരളത്തെ പ്രകീര്‍ത്തിച്ചത്.
ഒരു പഞ്ചായത്ത് ഒരു കളിക്കളം, പഞ്ചായത്ത് സ്‌പോട്‌സ് കൗണ്‍സില്‍, ഇ സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ തല കായിക പാഠ്യപദ്ധതി എന്നീ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണെന്ന് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.
ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി രാജ്യത്താകെ നടപ്പാക്കണമെന്നും അതിനാവശ്യമായ നിര്‍ദ്ദേശം കേന്ദ്ര കായിക മന്ത്രാലയം നല്‍കുമെന്നും സൂചിപ്പിച്ചു.
എം എല്‍ എ ഫണ്ട്/തദ്ദേശ സ്ഥാപന വിഹിതം എന്നിവ ഉപയോഗിച്ച് നാടെങ്ങും കളിക്കളങ്ങള്‍ ഒരുക്കുന്നത് വളരെ ഫലപ്രദമായ ഇടപെടലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളം നടപ്പാക്കിയ, കായികരംഗത്തെ ഇ സര്‍ട്ടിഫിറ്റിന്റെ പ്രാധാന്യം എടുത്തുപറഞ്ഞു. മുഴുവന്‍ സംസ്ഥാനങ്ങളും ഇതു പിന്തുടരണമെന്നും മന്‍സുഖ് മാണ്ഡവ്യ ആവശ്യപ്പെട്ടുവെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.