ന്യൂഡല്‍ഹി: മെഡല്‍ നേട്ടത്തില്‍ സന്തോഷമെന്ന് പാരീസ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ അഭിമാനമായ മനു ഭാക്കര്‍. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് മനു വെങ്കലം നേടിയത്. വളരെയധികം പരിശ്രമിച്ചിരുന്നുവെന്നും, എല്ലാ ഊർജവും ഉപയോഗിച്ചാണ് പോരാടിയതെന്നും മനു പ്രതികരിച്ചു.
മത്സരത്തിൻ്റെ പിരിമുറുക്കമുള്ള അവസാന നിമിഷങ്ങളിൽ സംയമനം പാലിക്കുന്നതില്‍ ഭഗവദ് ഗീത സഹായിച്ചെന്നും താരം വ്യക്തമാക്കി.
“സത്യം പറഞ്ഞാൽ ഞാൻ ഗീത ഒരുപാട് വായിച്ചിട്ടുണ്ട്. നിങ്ങൾ ചെയ്യാൻ ഉദ്ദേശിക്കുന്നതും ചെയ്യേണ്ടതുമായ കാര്യങ്ങള്‍ ചെയ്യുക എന്ന് അതില്‍ പറയുന്നുണ്ട്. നിങ്ങൾക്ക് ഫലമോ വിധിയോ നിയന്ത്രിക്കാൻ കഴിയില്ല. അതാണ് കൃഷ്ണൻ അർജ്ജുനനോട് പറഞ്ഞത്, ഞാൻ അതിൽ വിശ്വസിക്കുന്നു”-മനു പറഞ്ഞു.