ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ടീമിനെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന ഉറച്ച നിലപാടിലാണ് ബിസിസിഐ. ഹൈബ്രിഡ് മോഡലെന്ന സമവായ നീക്കത്തിന് പാക് ക്രിക്കറ്റ് ബോര്‍ഡും വഴങ്ങുന്നില്ല.
അനിശ്ചിതത്വം മുറുകുന്ന ഘട്ടത്തില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഷെഡ്യൂള്‍ ഐസിസി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും, ടൂര്‍ണമെന്റിന്റെ ട്രോഫി പര്യടനത്തിനായി പാകിസ്ഥാനിലെത്തി.
വ്യാഴാഴ്ചയാണ് ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഇസ്ലാമാബാദിലെത്തിയത്. 16 മുതല്‍ 24 വരെ പാകിസ്ഥാനിലെ വിവിധ സ്ഥലങ്ങളില്‍ ട്രോഫിയെത്തിക്കും. മുറെ, ഹുൻസ, മുസാഫറാബാദ്, സ്കാർഡു തുടങ്ങിയ സ്ഥലങ്ങളില്‍ ട്രോഫി പ്രദര്‍ശിപ്പിക്കും.
എവറസ്റ്റിന് ശേഷം ലോകത്തിലെ ഏറ്റവും ഉയരമുള്ള രണ്ടാമത്തെ പർവതമായ കെ 2 ലേക്കും ട്രോഫി കൊണ്ടുപോകും. ടൂർണമെൻ്റ് നടക്കുന്ന ലാഹോർ, കറാച്ചി, പിണ്ടി എന്നിവിടങ്ങളിലേക്ക് ട്രോഫി കൊണ്ടുപോകില്ല. പുകമഞ്ഞാണ് ഇതിന് കാരണം.
രാജ്യത്ത് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്ഥലങ്ങളില്‍ ട്രോഫി എത്തിക്കാനാണ് പാക് സര്‍ക്കാരിന്റെയും ക്രിക്കറ്റ് ബോര്‍ഡിന്റെയും നീക്കം.