/sathyam/media/media_files/ou3yrcrMvMFsdLswNoMo.jpg)
ഹൈദരാബാദ്: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. മൂന്നാം മത്സരത്തില്‍ 133 റണ്‍സിനായിരുന്നു ജയം. ഇന്ത്യ ഉയര്‍ത്തിയ 297 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 164 റണ്‍സില്‍ വീണു. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ ആറു വിക്കറ്റിന് 297. ബംഗ്ലാദേശ്-20 ഓവറില്‍ ഏഴ് വിക്കറ്റിന് 164.
പുറത്താകാതെ 42 പന്തില്‍ 63 റണ്‍സ് നേടിയ തൗഹിദ് ഹൃദോയ്, 25 പന്തില്‍ 42 റണ്‍സ് നേടിയ ലിട്ടണ്‍ ദാസ് എന്നിവരൊഴികെയുള്ള ബംഗ്ലാദേശ് ബാറ്റര്‍മാര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്ത്യയ്ക്ക് വേണ്ടി രവി ബിഷ്‌ണോയ് മൂന്ന് വിക്കറ്റും, മയങ്ക് യാദവ് രണ്ട് വിക്കറ്റും, വാഷിംഗ്ടണ്‍ സുന്ദറും, നിതീഷ് കുമാര്‍ റെഡ്ഡിയും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വിശ്വരൂപം പുറത്തെടുത്ത് സഞ്ജു സാംസണ്‍
അന്താരാഷ്ട്ര ടി20യില്‍ ആദ്യ സെഞ്ചുറിയുമായി മലയാളി താരം സഞ്ജു സാംസണ്‍. ബംഗ്ലാദേശിനെതിരെ നടന്ന ടി20 പരമ്പരയിലെ മൂന്നാമത്തെയും, അവസാനത്തെയും മത്സരത്തിലാണ് താരം സെഞ്ചുറി നേടിയത്.
40 പന്തിലായിരുന്നു സെഞ്ചുറി നേടിയത്. 9 ഫോറുകളുടെയും, 8 സിക്‌സറുകളുടെയും അകമ്പടിയോടെയാണ് സെഞ്ചുറി നേട്ടം. റിഷാദ് ഹൊസൈന്‍ എറിഞ്ഞ പത്താം ഓവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ചു പായിച്ചത്.
47 പന്തില്‍ 111 റണ്‍സെടുത്ത് താരം പുറത്തായി. മുസ്തഫിസുര്‍ റഹ്‌മാന്‍ എറിഞ്ഞ പന്ത് ബൗണ്ടറി കടത്താനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. മഹെദി ഹസന്‍ ക്യാച്ചെടുത്ത് സഞ്ജു പുറത്തായി. 11 ഫോറും, എട്ട് സിക്‌സറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ബാറ്റിംഗ്.
അന്താരാഷ്ട്ര ടി20യില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ സഞ്ജു സാംസണിന് ഇന്ന് മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകുമായിരുന്നുള്ളൂ. ഇന്നത്തെ ഒരു മോശം പ്രകടനം, ഒരു പക്ഷേ, താരത്തിന്റെ രാജ്യാന്തര ക്രിക്കറ്റിലെ ഭാവിക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുമായിരുന്നുവെന്നത് നിശ്ചയം.
നിര്‍ണായക മത്സരത്തില്‍ സമ്മര്‍ദ്ദമേതുമില്ലാതെ ബാറ്റേന്തുന്ന സഞ്ജുവിനെയാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ കാണാനായത്.
റെക്കോഡ് സ്‌കോര്‍
സഞ്ജു നയിച്ച ബാറ്റിംഗ് വെടിക്കെട്ട് ഇന്ത്യയ്ക്ക് സമ്മാനിച്ചത് ടി20യിലെ ഉയര്‍ന്ന സ്‌കോര്‍. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സാണ് ഇന്ത്യ നേടിയത്. അതില്‍ ഏറിയ പങ്കും സഞ്ജുവിന്റെ സംഭാവന. 47 പന്തില്‍ 111 റണ്‍സാണ് സഞ്ജു നേടിയത്. അതും 11 ഫോറിന്റെയും എട്ട് സിക്‌സറിന്റെയും അകമ്പടിയോടെ. റിഷാദ് ഹൊസൈന്‍ എറിഞ്ഞ പത്താം ഓവറില്‍ സഞ്ജു പായിച്ചത് അഞ്ച് സിക്‌സറുകള്‍.
ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മിന്നിത്തിളങ്ങി. 35 പന്തില്‍ 75 റണ്‍സാണ് സൂര്യ സ്വന്തമാക്കിയത്. ഹാര്‍ദ്ദിക് പാണ്ഡ്യ-18 പന്തില്‍ 47, റിയാന്‍ പരാഗ് 13 പന്തില്‍ 34 എന്നിവരും ഉജ്ജ്വല പ്രകടനം കാഴ്ചവച്ചു. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇന്‍ഡോറില്‍ നേടിയ 260 റണ്‍സായിരുന്നു ഇതുവരെയുള്ള ഇന്ത്യയുടെ റെക്കോഡ്.