ഡര്‍ബന്‍: രവി ബിഷ്‌ണോയിയും, വരുണ്‍ ചക്രവര്‍ത്തിയും ഒരുക്കിയ സ്പിന്‍കെണിയില്‍ വീണ് അടിയറവ് പറഞ്ഞ് ദക്ഷിണാഫ്രിക്ക. ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആതിഥേയരെ ഇന്ത്യ 61 റണ്‍സിന് തകര്‍ത്തുവിട്ടു. 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസ് 17.5 ഓവറില്‍ 141 റണ്‍സിന് പുറത്തായി.
ഇന്ത്യയുടെ സ്പിന്‍ കരുത്തായ ബിഷ്‌ണോയിയും, ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. ആവേശ് ഖാന്‍ രണ്ട് വിക്കറ്റും, അര്‍ഷ്ദീപ് സിംഗ് ഒരു വിക്കറ്റും കൊയ്തു. 22 പന്തില്‍ 25 റണ്‍സെടുത്ത ഹെയിന്റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍.
അന്താരാഷ്ട്ര ടി20യില്‍ രണ്ടാം സെഞ്ചുറി നേടിയ സഞ്ജു സാംസണിന്റെ ബാറ്റിംഗ് വെടിക്കെട്ടാണ് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 50 പന്തില്‍ 107 റണ്‍സാണ് സഞ്ജു നേടിയത്. ഏഴ് ഫോറും 10 സിക്‌സറും താരം പായിച്ചു. 18 പന്തില്‍ 33 റണ്‍സെടുത്ത തിലക് വര്‍മയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായ സംഭാവന നല്‍കാനായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ജെറാള്‍ഡ് കൊയറ്റ്‌സി ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരില്‍ തിളങ്ങി.