പോര്‍ട്ട് എലിസബത്ത്: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് ജയം. 125 റണ്‍സ് വിജയലക്ഷ്യം ഒരോവര്‍ ബാക്കിനില്‍ക്കെ പ്രോട്ടീസ് മറികടന്നു. സ്‌കോര്‍: ഇന്ത്യ-20 ഓവറില്‍ ആറു വിക്കറ്റിന് 124. ദക്ഷിണാഫ്രിക്ക-19 ഓവറില്‍ ഏഴ് വിക്കറ്റിന് 128.
ടോസ് നേടി ഫീല്‍ഡിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കന്‍ നായകന്‍ എയ്ഡന്‍ മര്‍ക്രമിന്റെ തീരുമാനം ശരിയെന്ന് തെളിയിക്കുന്നതായിരുന്നു ആതിഥേയരുടെ പ്രകടനം. ഉജ്ജ്വല ഫോമിലായിരുന്നു സഞ്ജു സാംസണിനെ പൂജ്യത്തിന് പുറത്താക്കി ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് ആദ്യ പ്രഹരം സമ്മാനിച്ചു. മാര്‍ക്കോ ജാന്‍സന്റെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു.
തൊട്ടുപിന്നാലെ അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് എന്നിവരുടെ വിക്കറ്റുകളും നഷ്ടമായി. ഇരുവരും നാല് റണ്‍സ് വീതം മാത്രമാണ് നേടിയത്. 45 പന്തില്‍ 39 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യ, 20 പന്തില്‍ 20 റണ്‍സ് നേടിയ തിലക് വര്‍മ, 27 പന്തില്‍ 21 റണ്‍സ് നേടിയ അക്‌സര്‍ പട്ടേല്‍ എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ നൂറ് കടത്തിയത്.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടലുകളും പാളി. അഞ്ച് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയുടെ മികവില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ കൂടാരം കയറി. പുറത്താകാതെ 41 പന്തില്‍ 47 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സാണ് അവരെ വിജയത്തിലേക്ക് നയിച്ചത്.