/sathyam/media/media_files/HISt4SKgqEX3KmWWGCFW.jpg)
ഏകദിന ലോകകപ്പില്‍ കുതിപ്പ് തുടര്‍ന്ന് ഇന്ത്യ. ഇത്തവണത്തെ ലോകകപ്പിലെ ഏറ്റവും ശക്തരുടെ പോരാട്ടത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 243 റണ്‍സിനാണ് തോല്‍പിച്ചത്. ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന പ്രോട്ടീസിന് മൂന്നക്കം കടക്കാന്‍ പോലുമായില്ല.
ടൂര്‍ണമെന്റില്‍ മിന്നും ഫോമിലായിരുന്ന ടെംബ ബാവുമായും കൂട്ടരും ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ മുട്ടുമടക്കി. പിറന്നാള്‍ ദിനത്തില്‍ സെഞ്ചുറി നേടി ഇതിഹാസ താരം സച്ചിന്റെ ഏകദിന റെക്കോര്‍ഡിനൊപ്പമെത്തിയ കോഹ്ലി തന്റെ ക്ലാസ് എന്തെന്ന് തെളിയിച്ച ദിനം കൂടിയായിരുന്നു ഇന്ന്.
ഇന്ത്യക്കെതിരെ 327 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒരൊറ്റ ബാറ്ററെയും നിലയുറപ്പിക്കാന്‍ ബൗളര്‍മാര്‍ അനുവദിച്ചില്ല. പതിനാല് റണ്‍സെടുത്ത മാര്‍ക്കോ യന്‍സനാണ് അവരുടെ ടോപ് സ്‌കോറര്‍. നാല് താരങ്ങള്‍ക്ക് മാത്രമേ രണ്ടക്കം കടക്കാന്‍ കഴിഞ്ഞുള്ളൂ.
ഇന്ത്യയ്ക്ക് വേണ്ടി സ്പിന്നര്‍ രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഷമി രണ്ട് വിക്കറ്റുമായി മികവ് തുടര്‍ന്നു. കുല്‍ദീപും രണ്ട് വിക്കറ്റ് നേടി. ഇന്നത്തെ പ്രകടനത്തോടെ ഷമിയുടെ വിക്കറ്റ് നേട്ടം പതിനാറായി ഉയര്‍ന്നു. കേവലം നാല് മത്സരങ്ങളില്‍ നിന്നാണ് ഷമി ഈ നേട്ടം സ്വന്തമാക്കിയത് എന്നതാണ് ശ്രദ്ധേയം.
ഇന്ത്യയുടെ ബാറ്റര്‍മാരില്‍ കോഹ്‌ലിക്ക് പുറമെ രോഹിത് ശര്‍മ്മയും, ശ്രേയസ് അയ്യറും, ജഡേജയും, സൂര്യകുമാറും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. തന്റെ 49-ാം ഏകദിന സെഞ്ചുറി പിറന്നാള്‍ ദിനത്തില്‍ നേടാനായത് കോഹ്‌ലിക്ക് ഇരട്ടി മധുരമായി. ശ്രേയസ് അയ്യര്‍ 77 റണ്‍സ് നേടിയപ്പോള്‍, ഓപ്പണിംഗില്‍ രോഹിത് വെറും 24 പന്തില്‍ 40 റണ്‍സുമായി മികച്ച തുടക്കമാണ് നല്‍കിയത്.
ഇന്നിംഗ്സ് അവസാനം ജഡേജ 15 പന്തില്‍ 29 റണ്‍സ് നേടി കോഹ്ലിക്കൊപ്പം പുറത്താകാതെ നിന്നു. സൂര്യകുമാര്‍ യാദവ് 14 പന്തില്‍ 22 റണ്‍സ് നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ നിലയുറപ്പിക്കാനുള്ള ശ്രമത്തിനിടയിലാണ് പുറത്തായി. ലോകകപ്പില്‍ തോല്‍വി അറിയാതെ മുന്നേറുന്ന ഇന്ത്യയുടെ അടുത്ത മത്സരം നെതര്‍ലാന്‍ഡ്സിന് എതിരെയാണ്. ഇതോടെ ലീഗ് ഘട്ടത്തിലെ ഇന്ത്യയുടെ മത്സരങ്ങള്‍ അവസാനിക്കും.