/sathyam/media/media_files/iu4bkzTbiVhR68taqloc.jpg)
ശ്രീലങ്ക; ആരാധകർ ഏറെ കാത്തിരുന്ന ഇന്ത്യ – പാകിസ്താൻ പോരാട്ടം നാളെ (സെപ്റ്റംബർ 2) നടക്കും. ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക. എന്നാൽ മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ വിറ്റുതീർന്ന ഇന്ത്യ പാകിസ്താൻ പോരാട്ടം കാണാൻ ദശലക്ഷക്കണക്കിന് കാഴ്ചക്കാർ കാത്തിരിക്കുമ്പോൾ മഴ വില്ലനാകുമെന്നാണ് റിപ്പോർട്ട്.
ബലഗൊല്ല കൊടുങ്കാറ്റ് കാന്‍ഡിയിലേക്ക് കടക്കുമെന്നതിനാലാണ് മഴ ഭീഷണിയുള്ളത്. കനത്ത മഴ ലഭിക്കുന്ന സമയമായതിനാല്‍ ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് സാധാരണ മത്സരങ്ങള്‍ നടത്താറില്ല. വൈകുന്നേരത്തെ മഴ സാധ്യത കാരണം സാധാരണയായി മത്സരങ്ങള്‍ ഒഴിവാക്കുന്ന സമയമാണിത്.
ദ്വീപിന്റെ തെക്ക്-കിഴക്കന്‍ മൂലയില്‍ സ്ഥിതി ചെയ്യുന്ന ഹമ്പന്‍തോട്ടയിലെ പ്രമുഖ വേദികളില്‍, സെപ്റ്റംബറില്‍ ഒരു ഏകദിനത്തിനും ആതിഥേയത്വം വഹിച്ചിട്ടില്ല. 33 രാജ്യാന്തര ഏകദിന മത്സരങ്ങള്‍ക്കാണ് പല്ലെക്കെലെ സ്റ്റേഡിയം ഇതുവരെ വേദിയായത്. ഇതില്‍ മണ്‍സൂണ്‍ സമയത്ത് മൂന്ന് മത്സരങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്.
മണ്‍സൂണ്‍ വൈകുന്നത് ഏഷ്യാ കപ്പിലെ മത്സരങ്ങള്‍ക്ക് ഭീഷണിയാണ്. വ്യാഴാഴ്ച നടന്ന ശ്രീലങ്ക-ബംഗ്ലാദേശ് മത്സരത്തിനും മഴ ഭീഷണിയുണ്ടായിരുന്നു. ഈ ദിവസങ്ങളില്‍ മഴയും ഇടിമിന്നലിനുള്ള സാധ്യതയും 90 ശതമാനമാണ്. ഇതെല്ലാം മത്സരത്തെ ബാധിച്ചേക്കും.
ഇന്ത്യ ബുധനാഴ്ച കാന്‍ഡിയില്‍ എത്തിയെങ്കിലും വ്യാഴാഴ്ച പരിശീലന സെഷന്‍ ഉണ്ടായിരുന്നില്ല, വെള്ളിയാഴ്ച വൈകുന്നേരമാണ് പരിശീലനം നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. അടുത്ത മൂന്ന് ദിവസത്തേക്ക് മിതമായതോ കനത്തതോ ആയ മഴയുണ്ടാകുമെന്ന് പ്രവചിക്കപ്പെടുന്നതിനാല്‍, ഇന്ത്യ-പാകിസ്താൻ മത്സരം സംബന്ധിച്ച് വളരെയധികം അനിശ്ചിതത്വമുണ്ട്. നാളെ ഉച്ചയ്ക്ക് 2.30 നാണ് മത്സരത്തിന്റെ ടോസിങ് നിശ്ചയിച്ചിരിക്കുന്നത്.