Advertisment

വനിതാ ടി20: ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം; അരങ്ങേറ്റ മത്സരത്തില്‍ സജനയ്ക്ക് 11 റണ്‍സ്‌

മൂന്ന് വിക്കറ്റെടുത്ത രേണുക സിംഗും, രണ്ട് വിക്കറ്റെടുത്ത പൂജ വസ്ത്രകറുമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ നിഷ്പ്രഭമാക്കിയത്. 48 പന്തില്‍ 51 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന ബംഗ്ലാദേശിനു വേണ്ടി ഒറ്റയാള്‍ പോരാട്ടം കാഴ്ചവച്ചു

New Update
indw vs banw

സിൽഹെറ്റ്: ബംഗ്ലാദേശിനെതിരായ അഞ്ച് മത്സരങ്ങളടങ്ങുന്ന വനിതാ ടി20 പരമ്പരയില്‍ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ 44 റണ്‍സിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തകര്‍ത്തത്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ എട്ട് വിക്കറ്റിന് 101 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

29 പന്തില്‍ 36 റണ്‍സെടുത്ത യാസ്തിക ഭാട്ടിയയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഷഫാലി വര്‍മ (22 പന്തില്‍ 31), ഹര്‍മന്‍പ്രീത് കൗര്‍ (22 പന്തില്‍ 30) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ നിറം മങ്ങി. അരങ്ങേറ്റ മത്സരത്തില്‍ മലയാളി താരം സജന സജീവന്‍ 11 പന്തില്‍ 11 റണ്‍സെടുത്ത് പുറത്തായി. താരം രണ്ട് ഫോര്‍ നേടി. മൂന്ന് വിക്കറ്റെടുത്ത റബേയ ഖാതുന്‍, രണ്ട് വിക്കറ്റെടുത്ത മറൂഫ അക്തര്‍ എന്നിവര്‍ ബംഗ്ലാദേശിനു വേണ്ടി മികച്ച പ്രകടനം കാഴ്ചവച്ചു.

48 പന്തില്‍ 51 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നിഗര്‍ സുല്‍ത്താന ബംഗ്ലാദേശിനു വേണ്ടി ഒറ്റയാള്‍ പോരാട്ടം കാഴ്ചവച്ചു. മൂന്ന് വിക്കറ്റെടുത്ത രേണുക സിംഗും, രണ്ട് വിക്കറ്റെടുത്ത പൂജ വസ്ത്രകറുമാണ് ബംഗ്ലാദേശ് ബാറ്റിംഗ് നിരയെ നിഷ്പ്രഭമാക്കിയത്. ശ്രേയങ്ക പാട്ടില്‍, ദീപ്തി ശര്‍മ, രാധാ യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Advertisment