Advertisment

ഗുജറാത്ത് ടൈറ്റന്‍സിന് അധികം എറിയേണ്ടി വന്നില്ല ! 'പോയിട്ട് അല്‍പം ധൃതിയുണ്ടെ'ന്ന ഭാവത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്; വിജയലക്ഷ്യം മറികടക്കാന്‍ വേണ്ടിവന്നത് 53 പന്തുകള്‍ മാത്രം

ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് അമ്പേ പിഴക്കുന്ന കാഴ്ചയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കാണാനായത്. 17.3 ഓവറില്‍ വെറും 89 റണ്‍സിന് ഗുജറാത്ത് ഓള്‍ ഔട്ടായി.

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ipl dc vs gt1

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണിലെ ഏറ്റവും ചെറിയ വിജയലക്ഷ്യം പിന്തുടരാന്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് വേണ്ടിവന്നത് 8.5 ഓവര്‍ മാത്രം. ഗുജറാത്ത് ഉയര്‍ത്തിയ 90 റണ്‍സ് വിജയലക്ഷ്യം ഡല്‍ഹി നാല്‌ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മറികടന്നു.

Advertisment

ഇതുവരെ കളിച്ച ആറു മത്സരങ്ങളില്‍ നാലിലും തോറ്റു. പോയിന്റ് പട്ടികയില്‍ സ്ഥാനം ഒമ്പതാമത് മാത്രം. ലീഗിലെ മുന്നോട്ടുപോക്കിന് വിജയങ്ങള്‍ മാത്രമല്ല, മികച്ച റണ്‍റേറ്റും അനിവാര്യമാണെന്ന തിരിച്ചറിവിലായിരിക്കാം ഡല്‍ഹി ബാറ്റര്‍മാര്‍ ബാറ്റിംഗിന് ഇറങ്ങിയത്. പിന്തുടരാനുള്ളത് ചെറിയ വിജയലക്ഷ്യം മാത്രമായതിനാല്‍ ഇതാണ് പറ്റിയ തക്കമെന്ന് തെളിയിക്കുന്നതായിരുന്നു ഡല്‍ഹിയുടെ പ്രകടനം.

നയം വ്യക്തമാക്കി ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക്ഗര്‍ക്കാണ് വെടിക്കെട്ടിന് തുടക്കം കുറിച്ചത്. 10 പന്തില്‍ 20 റണ്‍സാണ് താരം നേടിയത്. അഭിഷേക് പോറല്‍-ഏഴ് പന്തില്‍ 15, ഷായ് ഹോപ്പ്-10 പന്തില്‍ 19 എന്നിവരും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റേന്തി. പൃഥി ഷാ-ആറു പന്തില്‍ ഏഴ്, ഋഷഭ് പന്ത്-11 പന്തില്‍ 16 (നോട്ടൗട്ട്), സുമിത് കുമാര്‍-ഒമ്പത് പന്തില്‍ ഒമ്പത് (നോട്ടൗട്ട്‌) എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ഗുജറാത്തിനു വേണ്ടി മലയാളിതാരം സന്ദീപ് വാര്യര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. സ്‌പെന്‍സര്‍ ജോണ്‍സണും, റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അടപടലം ഗുജറാത്ത്

ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിന് അമ്പേ പിഴക്കുന്ന കാഴ്ചയാണ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കാണാനായത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ ഗുജറാത്ത് ബാറ്റര്‍മാര്‍ വന്നപോലെ പവലിയനിലേക്ക് മടങ്ങി.

17.3 ഓവറില്‍ വെറും 89 റണ്‍സിന് ഗുജറാത്ത് ഓള്‍ ഔട്ടായി. 24 പന്തില്‍ 31 റണ്‍സെടുത്ത റാഷിദ് ഖാന്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. റാഷിദിന് പുറമെ രാഹുല്‍ തെവാട്ടിയയും (10), സായ് സുദര്‍ശനു(12)മാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. 

ഡല്‍ഹിയുടെ ബൗളര്‍മാരെല്ലാം തിളങ്ങി. മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റും, ഇഷാന്ത് ശര്‍മയും, ട്രിസ്റ്റണ്‍ സ്റ്റബ്‌സും രണ്ട് വിക്കറ്റ് വീതവും, ഖലീല്‍ അഹമ്മദും, അക്‌സര്‍ പട്ടേലും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. കുല്‍ദീപ് യാദവിന് മാത്രമാണ് വിക്കറ്റ് വീഴ്ത്താനാകാത്തത്. എങ്കിലും താരം റണ്‍ വിട്ടുകൊടുക്കുന്നതില്‍ പിശുക്ക് കാണിച്ചു. നാലോവറില്‍ 16 റണ്‍സ് മാത്രമാണ് കുല്‍ദീപ് വഴങ്ങിയത്. 

വിക്കറ്റിന് പിന്നില്‍ ഡല്‍ഹി ക്യാപ്റ്റന്‍ ഋഷഭ് പന്ത് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് ക്യാച്ചെടുത്ത താരം, തകര്‍പ്പന്‍ രണ്ട് സ്റ്റമ്പിംഗും നടത്തി. ഗുജറാത്തിനെതിരായ വിജയത്തോടെ പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്തുനിന്ന് ആറാമത്തേക്ക് ഡല്‍ഹിക്ക് 'പ്രമോഷന്‍' ലഭിച്ചു. ഗുജറാത്ത് ഏഴാമതായി.

Advertisment