Advertisment

ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റു; ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങി; രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫില്‍

14 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുള്ള ഡല്‍ഹി പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. ഡല്‍ഹിക്കും പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ നേരിയ സാധ്യത മാത്രമാണുള്ളത്.

New Update
ipl dc vs lsg1

ന്യൂഡല്‍ഹി: ഡല്‍ഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 209 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനാകാതെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. 19 റണ്‍സിനായിരുന്നു ലഖ്‌നൗവിന്റെ തോല്‍വി. സ്‌കോര്‍: ഡല്‍ഹി-20 ഓവറില്‍ നാലു വിക്കറ്റിന് 208. ലഖ്‌നൗ-20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 189.

Advertisment

പുറത്താകാതെ 25 പന്തില്‍ 57 റണ്‍സെടുത്ത ട്രിസ്റ്റണ്‍ സ്റ്റബ്‌സ്, 33 പന്തില്‍ 58 റണ്‍സെടുത്ത അഭിഷേക് പോറല്‍, 27 പന്തില്‍ 38 റണ്‍സെടുത്ത ഷായ് ഹോപ് എന്നിവരുടെ ബാറ്റിംഗ് മികവാണ് ആദ്യം ബാറ്റു ചെയ്ത ഡല്‍ഹിക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ലഖ്‌നൗവിനു വേണ്ടി നവീന്‍ ഉള്‍ ഹഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

27 പന്തില്‍ 61 റണ്‍സെടുത്ത നിക്കോളാസ് പുരന്‍, പുറത്താകാതെ 33 പന്തില്‍ 58 റണ്‍സെടുത്ത അര്‍ഷദ് ഖാന്‍ എന്നിവരൊഴികെയുള്ള ലഖ്‌നൗ ബാറ്റര്‍മാര്‍ ദയനീയ പ്രകടനമാണ് പുറത്തെടുത്തത്. ഡല്‍ഹിക്കു വേണ്ടി ഇഷാന്ത് ശര്‍മ മൂന്ന് വിക്കറ്റ് പിഴുതു. 

ഇന്നത്തെ മത്സരത്തില്‍ തോറ്റതോടെ ലഖ്‌നൗവിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മങ്ങി. മെയ് 17ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. ഈ മത്സരത്തില്‍ വന്‍ വിജയം നേടിയാലും മറ്റുള്ള മത്സരങ്ങളുടെ ഫലങ്ങള്‍ കൂടി ആശ്രയിച്ചാകും ലഖ്‌നൗവിന്റെ മുന്നോട്ടുപോക്ക്.

അതേസമയം, ഡല്‍ഹി ലീഗ് ഘട്ടത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 14 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുള്ള ഡല്‍ഹി പോയിന്റ് പട്ടികയില്‍ അഞ്ചാമതാണ്. ഡല്‍ഹിക്കും പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ നേരിയ സാധ്യത മാത്രമാണുള്ളത്.

ലഖ്‌നൗ ഡല്‍ഹിയോട് തോറ്റതോടെ മലയാളിതാരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലെത്തി. പ്ലേ ഓഫിലെത്തുന്ന രണ്ടാമത്തെ ടീമാണ് രാജസ്ഥാന്‍. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫിലെത്തിയിരുന്നു.

Advertisment